കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്ര കമ്പനി കാണിക്കയായി സമർപ്പിച്ച ഥാർ ജീപ്പ് ലേലം ചെയ്തത് സംബന്ധിച്ച് ഹിന്ദു സേവാ സംഘം ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിൽ ദേവസ്വം കമ്മീഷണർ നാളെ പരാതിക്കാരുടെ ഹിയറിംഗ് നടത്തും. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് തീരുമാനം. ഉച്ചയ്ക്ക് 3 മണിക്ക് ഗുരുവായൂർ ദേവസ്വം കോൺഫറൻസ് ഹാളിൽ വെച്ചാണ് സിറ്റിംഗ്. കേസ് നൽകിയ സംഘടനയുടെ പ്രതിനിധികളുമായാണ് കൂടിക്കാഴ്ച നടത്തുക. ഇതുമായി ബന്ധപ്പെട്ട് മറ്റ് ആർക്കങ്കിലും എതിർ അഭിപ്രായം ഉണ്ടെങ്കിൽ അവര്‍ക്കും ഹിയറിംഗില്‍ പങ്കെടുക്കാം. പങ്കെടുക്കാൻ താത്പര്യമറിയിച്ചുളള കത്ത് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കണമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു.
ആർക്കെങ്കിലും ഈ വിഷയത്തിൽ ആക്ഷേപം ഉണ്ടെങ്കിൽ പരാതി അറിയിക്കാവുന്നതാണ്. പരാതി സീൽ ചെയ്ത കവറിൽ രേഖാമൂലം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ നൽകാം. അല്ലെങ്കിൽ [email protected] എന്ന് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ ഔദ്യോഗിക ഇമെയിലിലും പരാതിപ്പെടാം. അതുമല്ലെങ്കിൽ [email protected] എന്ന കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടറുടെ ഇ-മെയിൽ വിലാസത്തിലും പരാതി നൽകാം. ഏപ്രിൽ ഒൻപതിന് രാവിലെ 11 മണിക്ക് മുൻപായി പരാതി സമർപ്പിക്കാമെന്ന് ദേവസ്വം കമ്മീഷണർ അറിയിച്ചു. ലഭിക്കുന്ന പരാതികളിലെല്ലാം നാളെ തന്നെ ദേവസ്വം കമ്മീഷണർ ഹിയറിങ് നടത്തും.
ഗുരുവായൂർ ക്ഷേത്രത്തിൽ മഹീന്ദ്രാ കമ്പനി വഴിപാടായി നൽകിയ ഥാർ ജീപ്പ് 15 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ച് നടത്തിയ ലേലത്തിൽ പതിനഞ്ച് ലക്ഷത്തി പതിനായിരം രൂപയ്ക്കാണ് എറണാകുളം സ്വദേശിയായ അമൽ മുഹമ്മദാലി വാഹനം സ്വന്തമാക്കിയത്. ഡിസംബർ 18ന് നടന്ന ലേലത്തിൽ ഒരാൾ മാത്രമാണ് പങ്കെടുത്തത്. ദേവസ്വം ബോർഡ് പിന്നീട് യോഗം ചേർന്ന് അംഗീകാരം നൽകി ദേവസ്വം കമ്മീഷറുടെ അനുമതിക്കായി അയച്ചു. എന്നാൽ അയ്യായിരം രൂപയിൽ കൂടുതലുളള ഏതു വസ്തു വിൽക്കണമെങ്കിലും ദേവസ്വം കമ്മീഷണറുടെ മുൻകൂർ അനുമതി തേടണമെന്ന വ്യവസ്ഥ ലംഘിച്ചെന്നാണ് ഹർജിയിലെ ആരോപണം.
നേരത്തെ സമൂഹമാധ്യമങ്ങളിൽ താരമായി മാറിയ ഥാർ ലേലത്തിന് വച്ചപ്പോൾ വലിയ പ്രതികരണമുണ്ടാക്കും എന്നാണ് ഗുരുവായൂർ ദേവസ്വം ബോർഡ് പ്രതീക്ഷിച്ചത്. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ചു കൊണ്ട് ഒരാൾ മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ എത്തിയത്. ഖത്തറിൽ വ്യവസായിയായ അമൽ മുഹമ്മദ് അലി എന്ന ചെറുപ്പക്കാരന്‍റെ പ്രതിനിധി മാത്രമാണ് ലേലത്തിൽ പങ്കെടുത്തത്. ലിമിറ്റഡ് എഡിഷന് ഥാറിന് 15 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി ഗുരുവായൂർ ദേവസ്വം നിശ്ചയിച്ചിരുന്നത്. ലേലം വിളിച്ചപ്പോൾ പതിനായിരം രൂപ അമലിന്‍റെ പ്രതിനിധി കൂട്ടിവിളിച്ചു. അതിനും മേലെ വിളിക്കാൻ വേറെ ആളില്ലാതെ വന്നതോടെ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു. അതേസമയം ലേലം വിവാദത്തിലായതോടെ വാഹനം കിട്ടുമെന്നാണ് പ്രതീക്ഷെന്നും പ്രാർഥിക്കുകയല്ലാതെ വേറെ മാർഗമില്ലെന്നും പ്രതികരിച്ച് അമൽ രംഗത്തെത്തിയിരുന്നു.