കൊച്ചി ∙ തൃശൂരിൽ തോരണം കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികയ്ക്കു പരുക്കേറ്റ സംഭവത്തിൽ കോർപറേഷൻ സെക്രട്ടറിക്കു ഹൈക്കോടതിയുടെ ശാസന. കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദേശിച്ചത് അനുസരിച്ച് കോർപറേഷൻ സെക്രട്ടറി ഹാജരായപ്പോഴാണ് കോടതി ശാസിച്ചത്. അപകടത്തിനു കോർപറേഷൻ വിശദീകരണം നൽകണമെന്നു കോടതി ആവശ്യപ്പെട്ടു.
തൽക്കാലം ക്രിമിനൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ഇതു ഇളവായി കണക്കാക്കിയാൽ മതിയെന്നു വ്യക്തമാക്കി. ജനുവരി 12നു വീണ്ടും ഹാജരായി വിശദീകരണം നൽകണമെന്നും നിർദേശിച്ചു. സമൂഹത്തിലെ ഒരാൾ പോലും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് സ്കൂട്ടറിൽ പോകുകയായിരുന്ന അഭിഭാഷകയുടെ കഴുത്തിൽ കിസാൻ സഭ ദേശീയ സമ്മേളനത്തിനായി സ്ഥാപിച്ച തോരണം കുരുങ്ങി അപകടമുണ്ടായത്. പ്ലാസ്റ്റിക് കയർ കഴുത്തിൽ മുറുകി പരുക്കേൽക്കുകയും ചെയ്തു. ഇക്കാര്യം കാണിച്ച് ഇവർ കലക്ടർക്കും പൊലീസിനും പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
അനധികൃത കൊടി തോരണങ്ങൾക്കെതിരെ ഹൈക്കോടതി കർശന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടും നടപ്പാക്കാത്ത സാഹചര്യത്തിൽ സംഭവം കോടതിയുടെ ശ്രദ്ധയിൽപെട്ടതോടെ കടുത്ത വിമർശനമാണ് ഉയർന്നത്.