കൊച്ചി∙ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത് ചോദ്യം ചെയ്തു വിസിമാർ നൽകിയ ഹർജിയിൽ കോടതിയുടെ തീർപ്പ് ഉണ്ടാകുന്നതു വരെ ചാൻസലർ അന്തിമതീരുമാനം എടുക്കരുതെന്നു ഹൈക്കോടതി ഉത്തരവിട്ടു. വിസിമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. ചാൻസലർ സത്യവാങ്മൂലം നൽകാൻ സമയം തേടിയതിനെ തുടർന്ന് ഹർജി 17നു മാറ്റി. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച സാങ്കേതിക സർവകലാശാല വിസിയെ സുപ്രീംകോടതി പുറത്താക്കിയതിനെ തുടർന്നാണ് മറ്റു സർവകലാശാലകളിലെ വിസിമാരെ പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഗവർണർ നോട്ടിസ് നൽകിയത്.
കാരണം കാണിക്കൽ നോട്ടിസ് ലഭിച്ച വൈസ് ചാൻസർമാർ ഗവർണർക്കു മറുപടി നൽകിയിരുന്നു. നിയമനം നിയമപരമാണെന്ന മറുപടിയാണു വിസിമാർ നൽകിയിരിക്കുന്നത്. സർവകലാശാലയ്ക്കു നൽകിയ സേവനങ്ങളും മറുപടിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ കോടതി നിലപാടുകൂടി അറിഞ്ഞശേഷം ഗവർണർ തുടർനടപടികൾ സ്വീകരിക്കും.