മലപ്പുറം> കേരളത്തിന്റെ കുടുംബശ്രീ പെരുമയുമായി 18 അംഗ സംഘം ഡൽഹിയിൽ. വെള്ളിയാഴ്‌ച ഇവർ രാഷ്‌ട്രപതി ഭവൻ സന്ദർശിക്കും. വ്യാഴാഴ്‌ച രാവിലെ 6.15ന് എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നാണ് ഇവർ യാത്രതിരിച്ചത്. പട്ടികവർഗ–- പട്ടികജാതി വിഭാഗത്തിൽപ്പെട്ട 15 കുടുംബശ്രീ പ്രവർത്തകരും സംസ്ഥാന മിഷനിലെ മൂന്നുപേരുമാണ് സംഘത്തിൽ.
ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായാണ് സന്ദർശനം. പ്രത്യേക ദുർബല ഗോത്ര വിഭാഗത്തിൽപ്പെട്ട കാസർകോട് മഞ്ചേശ്വരം കുടുംബശ്രീ സിഡിഎസ് അംഗം സുനിത കോനേരിയോ, വയനാട് തിരുനെല്ലി കുടുംബശ്രീ പട്ടികവർഗ സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായുള്ള ഗ്രാമസമിതി ആരോഗ്യ വളന്റിയർ സിനി വിജയൻ, പാലക്കാട് ജില്ലയിലെ കുടുംബശ്രീ അട്ടപ്പാടി സമഗ്ര ആദിവാസി പദ്ധതിയിൽ പ്രവർത്തിക്കുന്ന പുതൂർ കുറുമ്പ പഞ്ചായത്ത് സമിതി പ്രസിഡന്റ് അനിത ബാബു, തൃശൂർ അതിരപ്പള്ളി സിഡിഎസ് സാമൂഹ്യവികസന ഉപസമിതി കൺവീനർ സി രമ്യ, പട്ടികവർഗ വിഭാഗത്തിൽനിന്ന് സിഡിഎസ് ചെയർപേഴ്സൺമാരായ കണ്ണൂർ ആലക്കോട് പഞ്ചായത്തിലെ പി എൻ ധന്യ, വയനാട് വെങ്ങപ്പള്ളിയിലെ കെ നിഷ, കോഴിക്കോട് പനങ്ങാടെ വി ശ്രീന, മലപ്പുറം കരുളായിയിലെ മിനി സുജേഷ്, കോട്ടയം എരുമേലിയിലെ അമ്പിളി സജീവൻ, ഇടുക്കി ഉപ്പുതറയിലെ റോസമ്മ ഫ്രാൻസിസ്, കൊല്ലം ആര്യങ്കാവിലെ റസിയ അയ്യപ്പൻ, തിരുവനന്തപുരം പനവൂർ പഞ്ചായത്തിലെ വി ടി വിദ്യാദേവി എന്നിവരും പട്ടികജാതി വിഭാഗത്തിൽനിന്ന് മാതൃകാ സിഡിഎസ് ചെയർപേഴ്സൺമാരായ എറണാകുളം എടവനക്കാട് പഞ്ചായത്തിലെ ഗിരിജ ഷാജി, പത്തനംതിട്ട പള്ളിക്കലിലെ പി കെ ഗീത, ആലപ്പുഴ തഴക്കരയിലെ പ്രസന്ന ഷാജി എന്നിവരുമാണ് ഉൾപ്പെടുന്നത്.