കാഞ്ഞങ്ങാട് : സംസ്ഥാന എൽഡിഎഫ് സർക്കാരിന്റെ ഭരണത്തെക്കുറിച്ച് ജനങ്ങൾക്ക് നല്ല മതിപ്പാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അത് ഗൃഹസന്ദർശനത്തിൽ ബോധ്യപ്പെട്ടു. മതത്തെയോ മതവിശ്വാസത്തെയോ തകർക്കുന്നതല്ല സിപിഐ എം നിലപാടെന്നും കാസർകോട് വെള്ളിക്കോത്ത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. വികസനം നടക്കേണ്ടെന്നാണ് യുഡിഎഫ് നിലപാട്. അതിനൊപ്പമാണ് കുത്തിത്തിരിപ്പുണ്ടാക്കുന്ന മാധ്യമങ്ങളും. ജനങ്ങൾ അത് വകവയ്‌ക്കുന്നില്ലെന്നും കാസർകോട് വെള്ളിക്കോത്ത് സിപിഐ എമ്മിന്റെ ഗൃഹസന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
ഗവർണറുടെ നിലപാടുകളോടാണ് സിപിഐ എമ്മിന് എതിർപ്പ്. ഗവർണറുടെ നിലപാടുകളെ വിമർശിച്ചിട്ടുണ്ട്. ജനങ്ങളെ അണിനിരത്തി പ്രതിഷേധിച്ചിട്ടുണ്ട്. അദ്ദേഹം ശരിയായ നിലപാടുകളിലേക്ക് വരുന്നുവെങ്കിൽ നല്ലത്. ഗവർണറെമാത്രം വിമർശിക്കാനാകാത്തതിനാൽ സർക്കാരിനെക്കൂടി ചേർക്കുകയാണ് പ്രതിപക്ഷം. പാരവയ്‌ക്കൽമാത്രമായി പ്രതിപക്ഷധർമം, ഗവർണറെ അവർ വിശ്വസിച്ചുകാണുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കാസർകോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണനും ഒപ്പമുണ്ടായി.