ഇരിങ്ങാലക്കുട > ഇരിങ്ങാലക്കുട മണ്ഡലത്തിലെ ആനന്ദപുരം-നെല്ലായി റോഡ് നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ സാങ്കേതിക അനുമതി ലഭിച്ചു. സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയാണ് പുതുക്കിയ എസ്റ്റിമേറ്റ് അനുസരിച്ചുള്ള പ്രവൃത്തിക്കുള്ള സാങ്കേതിക അനുമതി നൽകിയത്. ബജറ്റിൽ 10 കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്കായി വകയിരുത്തിയിരുന്നത്. ഇതിനു പുറമെ, നിർമ്മാണത്തിന്റെ വിവിധ അധിക ആവശ്യങ്ങൾക്കായി 76 ലക്ഷം രൂപയ്ക്കുള്ള ഭരണാനുമതിയും കൂടി ലഭ്യമാക്കിയാണ് ഇപ്പോൾ പത്തു കോടി എഴുപത്തിയാറ് ലക്ഷം രൂപയ്ക്കുള്ള എസ്റ്റിമേറ്റിന് സാങ്കേതിക അനുമതി നൽകിയിരിക്കുന്നത്. ടെൻഡർ നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കി റോഡിന്റെ നിർമ്മാണത്തിലേക്ക് കടക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു.