കോഴഞ്ചേരി> ശബരിമല ക്ഷേത്രത്തിൽ ഈ വർഷം വഴിപാടായി ലഭിച്ച സ്വർണ്ണത്തിൽ പിന്നീട് കുറവൊന്നും വന്നിട്ടില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞു. സാമൂഹ്യ മാധ്യമങ്ങള്‍ വന്ന പ്രചരണത്തെ തുടര്‍ന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ ആറന്മുളയിലെ ദേവസ്വം ബോർഡിന്റെ സ്‌ട്രോങ് റൂം തുറന്ന് ആഭരണങ്ങള്‍ പരിശോധിച്ചു. തിരുവാഭരണ കമ്മീഷണർ ജി ബൈജുവാണ് രേഖകളും സ്വർണവും പരിശോധിച്ചത്. പരിശോധനയിൽ വഴിപാടായി ലഭിച്ച മുഴുവൻ സ്വർണ്ണവും ഉണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കമ്മീഷണർ പറഞ്ഞു. മകരവിളക്കിന് മുമ്പ് ലഭിച്ച സ്വർണം നേരത്തെ സ്‌ട്രോങ് റൂമിൽ വെച്ചിരുന്നു. മകരവിളക്കിന് ശേഷം വഴിപാടായി ലഭിച്ച സ്വർണം പ്രത്യേക പെട്ടിയിലാക്കിയാണ് സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിന്റെ നടപടികളിൽ എന്തെങ്കിലും അസ്വഭാവികത ഉണ്ടെങ്കിൽ വേണ്ട നടപടിക്ക് ദേവസ്വം ബോർഡിന് ശുപാർശ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമലയിൽ വഴിപാടായി ലഭിക്കുന്ന സ്വർണ്ണാഭരണങ്ങൾ ദേവസ്വം ബോർഡിന് കീഴിലെ ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ സ്ട്രോങ്ങ് റൂമിലാണ് സൂക്ഷിക്കുന്നത്.