ന്യൂഡല്‍ഹി: തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട എ.ബി.സി വ്യവസ്ഥകളിൽ (മൃഗ പ്രജനന നിയന്ത്രണ വ്യവസ്ഥ) ഇളവ് വേണമെന്ന ആവശ്യവുമായി സംസ്ഥാന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്രസര്‍ക്കാറിനെ സമീപിച്ചു.
വന്ധ്യംകരണ കേന്ദ്രത്തിലെ ഡോക്ടര്‍ 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ചെയ്തിട്ടുണ്ടായിരിക്കണമെന്നാണ് 2023ല്‍ ഭേദഗതിചെയ്ത ചട്ടം. ഇതുമൂലം പുതുതായിവരുന്ന വെറ്ററിനറി ഡോക്ടര്‍മാരെ എ.ബി.സി കേന്ദ്രങ്ങളില്‍ നിയമിക്കാന്‍ സാധിക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2000 എ.ബി.സി ശസ്ത്രക്രിയകള്‍ ഒരു ഡോക്ടര്‍ ചെയ്തു എന്ന് സാക്ഷ്യപ്പെടുത്താനുള്ള സംവിധാനമില്ല. വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ സംസ്ഥാന വെറ്ററിനറി കൗണ്‍സിലിലോ രജിസ്റ്റര്‍ ചെയ്യുകയും അനിമല്‍ വെൽഫെയര്‍ ബോര്‍ഡ് എംപാനല്‍ ചെയ്ത ഏതെങ്കിലും സംഘടനയിലോ വെറ്ററിനറി സര്‍വകലാശാലയുടെ പരിശീലനകേന്ദ്രത്തിലോ 10 ദിവസത്തില്‍ കുറയാത്ത കാലയളവില്‍ എ.ബി.സി ശസ്ത്രക്രിയ നടപടിക്രമങ്ങളില്‍ പ്രത്യേക പരിശീലനം നേടുകയും ചെയ്ത ഏതൊരു വെറ്ററിനറി ഡോക്ടര്‍ക്കും നായ്ക്കളിലും പൂച്ചകളിലും എ.ബി.സി ശസ്ത്രക്രിയ നടത്താമെന്ന ഭേദഗതി വേണമെന്നും മന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
പക്ഷിപ്പനി, ആഫ്രിക്കന്‍ പന്നിപ്പനി നഷ്ടപരിഹാരമായി കേന്ദ്രത്തില്‍നിന്ന് ലഭിക്കേണ്ട 710.39 ലക്ഷം രൂപ ലഭ്യമാക്കണം, കുളമ്പുരോഗം, കുരലടപ്പന്‍ എന്നീ രോഗത്തിനെതിരെയുമുള്ള സംയുക്ത വാക്‌സിന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വീടിന് മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങളെ തെരുവുനായ് കടിച്ചുകീറി
തിരുവനന്തപുരം (ബാലരാമപുരം): തലസ്ഥാനത്ത് വ്യത്യസ്ത സംഭവങ്ങളിൽ പിഞ്ചുകുട്ടികൾ ഉൾപ്പെടെ മൂന്നുപേർക്ക് തെരുവുനായ് ആക്രമണത്തിൽ ഗുരുതര പരിക്ക്. വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ബാലരാമപുരം മംഗലത്തുകോണം വാറുവിളാകത്ത് വീട്ടിൽ രണ്ടുവയസ്സുകാരൻ ദക്ഷിത്, ബാലരാമപുരം കട്ടച്ചൽകുഴി പുത്തൻകാനത്ത് വീട്ടിൽ മൂന്നുവയസ്സുകാരി അഗ്നിമിത്ര, അഗ്നിമിത്രയുടെ മുത്തശ്ശി ഗീത (55) എന്നിവർക്കാണ് പരിക്കേറ്റത്.
നായ് മുഖം കടിച്ചുകീറിയ നിലയിൽ അഗ്നിമിത്രയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് പ്ലാസ്റ്റിക് സർക്കറിക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 9.30ഓടെ വീടിന് മുന്നിൽ കളിക്കുമ്പോഴാണ് ദക്ഷിതിനെ തെരുവുനായ് കടിച്ചുകുടഞ്ഞത്. കുഞ്ഞിന്‍റെ നിലവിളി കേട്ടെത്തിയ മുത്തശ്ശി സുജാത നായെ മൺവെട്ടികൊണ്ട് അടിച്ചോടിച്ചാണ് രക്ഷിച്ചത്. വയറിലും തോളിനും ഗുരുതര പരിക്കേറ്റ ദക്ഷിതിനെ ബാലരാമപുരത്തെ ആശുപത്രിയിലെത്തിച്ച് പ്രഥമിക ചികിത്സ നൽകിശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവീടുകളും തമ്മിൽ അര കിലോമീറ്റർ വ്യത്യാസമാണുള്ളത്.