കൊച്ചി > ഡിവൈഎഫ്‌ഐയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച് നടൻ ടിനി ടോം. ഡിവൈഎഫ്ഐയുടെ പൊതിച്ചോറുമായി ബന്ധപ്പെട്ട് നടൻ ഒരു വേദിയിൽ സംസാരിക്കുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. അടുത്ത സുഹൃത്തിന്റെ സഹോദരൻ അപകടത്തിൽ പരിക്കേറ്റ് ഇടപ്പള്ളി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ കൂട്ടിരിപ്പുകാർക്ക് ഡിവൈഎഫ്‌ഐ ഭക്ഷണം എത്തിച്ചുനൽകിയ അനുഭവമാണ് ടിനി ടോം പങ്കുവച്ചത്.
എന്റെയൊരു സുഹൃത്ത്, വളരെ ദാരിദ്രം അനുഭവിക്കുന്നവനാണ്. അവന്റെ സഹോദരൻ അപകടത്തിൽപ്പെട്ട് കിടന്നപ്പോ, അവന്റെ ഭാര്യക്കും സഹോദരിക്കും ഒരു നേരത്തെ ഭക്ഷണം കിട്ടുമോ എന്ന് എന്നെ വിളിച്ച് ചോദിച്ചു. ഇടപ്പള്ളിയിൽ വച്ച് നടന്ന സംഭവമാണ്. എനിക്ക് ആരോട് ചോദിക്കണം എന്ന് അറിയില്ല. എനിക്ക് എല്ലാ ദിവസവും കൊണ്ട് കൊടുക്കാൻ കഴിയില്ല’.
‘അപ്പൊ എന്റടുത്തുള്ള ഒരു ഡിവൈഎഫ്ഐയുടെ പ്രവർത്തകൻ സമീർ.. എന്റെ കുടുംബം കോൺഗ്രസ് ആണ്. ഞാൻ കോൺഗ്രെസ്സുകാരനാണ് എന്ന് എല്ലാവർക്കും അറിയാം. എങ്കിലും ആ ഡിവൈഎഫ്ഐക്കാരനോട് ഞാൻ പറഞ്ഞു, അങ്ങനെ ഡിവൈഎഫ്ഐക്കാർ അവർക്ക് ഭക്ഷണം എത്തിച്ച് തുടങ്ങി. ഇടപ്പള്ളിയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകനായ ആദർശ് ആയിരുന്നു കൊണ്ടുക്കൊടുത്തിരുന്നത്. അതും ഒരു നേരത്തേക്ക് അല്ല വൈകീട്ടും ഭക്ഷണം എത്തിച്ച് കൊടുത്തു.. ഒന്നോ രണ്ടോ ആഴ്‌ച്ചത്തേക്ക് അല്ല നൂറ് ദിവസവും അവർ ഭക്ഷണം എത്തിച്ച് കൊടുത്തു’ – ടിനി ടോം പറഞ്ഞു.
വ്യക്തിപരമായ ഒരു അംഗീകാരത്തിനുവേണ്ടിയല്ല ഈ പ്രവർത്തനമെന്ന് ആദർശ് ഓൺലൈൻ ചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. “എന്റെ സംഘടന എന്നെ പഠിപ്പിച്ച രാഷ്‌ട്രീയത്തിന്റെ ഭാഗമായിട്ടാണിത്. കേരളത്തിലാകെ ഡിവൈഎഫ്‌ഐ ചെയ്യുന്നതാണിത്. അത് തന്നെയാണ് ഞാനും ചെയ്‌തത്. ഒരു അപകടത്തിൽ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. അമൃത ആശുപത്രിയിലായിരുന്നു. ഒരു നേരത്തെ ഭക്ഷണം ആണ് അവർ ചോദിച്ചതെങ്കിലും, അവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി രണ്ട് നേരത്തെ ഭക്ഷണം എത്തിച്ച് കൊടുക്കുകയായിരുന്നു. മറ്റൊരു രോഗിക്കും ഭക്ഷണം എത്തിച്ച് കൊടുക്കുന്നുണ്ട്. അത് ഇപ്പോഴും തുടരുകയാണ്. 50 60 ദിവസത്തോളം ഞാൻതന്നെ എത്തിച്ചുനൽകി. പിന്നീട് ഓരോ യൂണിറ്റ് കമ്മിറ്റിയും ചുമതല ഏറ്റെടുത്ത് കൃത്യമായി ഭക്ഷണം എത്തിച്ചുകൊണ്ടിരുന്നു” – ആദർശ് പറഞ്ഞു.