ന്യൂഡൽഹി: ലൈംഗികാതിക്രമം നടത്തിയ ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ വിമർശിച്ച പി.ടി. ഉഷക്ക് പിന്തുണയുമായി നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദർ. സമരം നടത്തുന്ന താരങ്ങളെ സന്ദർശിക്കാനെത്തിയ ഉഷയെ പ്രതിഷേധക്കാർ തടഞ്ഞതിനെതിരെ ഖുശ്ബു ട്വീറ്റുമായി രംഗത്തെത്തി. പ്രതിഷേധക്കാരിൽ ചിലർ തടഞ്ഞപ്പോഴുള്ള ‘ഉഷയുടെ വേദന, അവരുടെ കണ്ണീർ..അവർ ഇതൊന്നും അർഹിക്കുന്നേയില്ല’ എന്നു പറഞ്ഞാണ് ഖുശ്ബുവിന്റെ ട്വീറ്റ് തുടങ്ങുന്നത്. എന്നാൽ, ഖുശ്ബുവിന്റെ ട്വീറ്റിനടിയിൽ അവരുടെ അഭിപ്രായ പ്രകടനത്തിനെതിരെ കടുത്ത രീതിയിലാണ് ആളുകൾ വിവിധ ഭാഷകളിൽ പ്രതിഷേധമുയർത്തുന്നത്. പീഡകനെതിരെ ഒരക്ഷരം ഉരിയാടാതെയും നീതി കിട്ടാത്തതിൽ പ്രതിഷേധിക്കുന്ന താരങ്ങളോട് ഒരിറ്റു ഐക്യദാർഢ്യം കാട്ടാതെയുമുള്ള ഖുശ്ബുവിന്റെ നിലപാടിനെതിരെ ട്രോളുകളും നിറയുന്നു. ഉഷക്കെതിരെയും കമന്റിൽ പരാമർശങ്ങളേറെയാണ്.
അവരുടെ വേദന, അവരുടെ കണ്ണീർ..അവർ ഇതൊന്നും അർഹിക്കുന്നേയില്ല. ഒരു ചാമ്പ്യന് ഒരു ബദൽ അഭിപ്രായം ഉണ്ടായിക്കൂടേ? കായികരംഗത്ത് സാങ്കേതികവിദ്യ ഒട്ടും വികാസം പ്രാപിക്കാതിരുന്ന, സർക്കാർ സഹായം തീരെ കുറവായിരുന്ന കാലത്ത് രാജ്യത്തിനുവേണ്ടി നിരവധി നേട്ടങ്ങൾ കൊയ്തയാളാണ് അവർ. അവരെ തടഞ്ഞുനിർത്തി അവഹേളിക്കുന്നത് അപലപനീയമാണ്. നിങ്ങളുടെ ചെയ്തികൾ ശക്തമായി നിങ്ങൾക്കെതിരെ തിരിച്ചടിക്കും. ഉടൻ തന്നെ’ -ഇതായിരുന്നു ഉഷയെ പിന്തുണച്ച് ഖുശ്ബുവിന്റെ ട്വീറ്റ്.
‘നിങ്ങൾ പിറ്റി ഉഷയുടെ കണ്ണീരു കാണുന്നു. അതേസമയം, ഗുസ്തി താരങ്ങളുടേത് കാണുന്നുമില്ല. ആദ്യം നിങ്ങളുടെ കണ്ണുകൾ പരിശോധിക്കൂ. എന്നിട്ട് ഈ സെലക്ടീവ് പ്രതികരണം നിർത്തൂ. നിലവാരം കുറഞ്ഞ ഒരു ബി.ജെ.പി പ്രവർത്തകയെന്നതിനപ്പുറത്തേക്ക് എല്ലാവരേയും ഒരേപോലെ കാണുന്ന ഒരു വ്യക്തിയായി നിങ്ങൾ മാറണമെന്നാണ് ഈ ട്വീറ്റ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ ഏകപക്ഷീയത ഈ ട്വീറ്റിൽ മണക്കുന്നുണ്ട്’ -ഒരാൾ കുറിച്ചു. സ്ത്രീയായിട്ടും ഒരു പീഡന വീരനെ പിന്തുണക്കുന്ന നിങ്ങൾ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയാണോ എന്ന് മറ്റൊരാൾ ചോദിക്കുന്നു. ട്വീറ്റിനു താഴെ തമിഴിലും നിരവധി കമന്റുകൾ ഖുശ്ബുവിനെതിരെ നിറയുന്നുണ്ട്.
‘നിങ്ങളുടെ ചെയ്തികൾ തിരിച്ചടിക്കുമെന്നുറപ്പാണ്. പി.ടി. ഉഷ ഇപ്പോൾ കടന്നുപോകുന്നത് അതിന്റെ തെളിവാണ്. ഏതെങ്കിലും സ്ത്രീയെ ഇതുപോലെയുള്ള അവസ്ഥകളിലേക്ക് വലിച്ചിഴക്കുകയും ഒരുദിവസം നിങ്ങൾ അനുഭവിക്കുമെന്ന് പറയുകയും ചെയ്യുന്നതിനെ ഞാൻ വെറുക്കുന്നു. പക്ഷേ, നിങ്ങൾ. ദേശീയ വനിത കമീഷൻ അംഗമായിട്ടും നിങ്ങൾ ഇതുപോലുള്ള അധികപ്രസംഗം നടത്തുകയാണ്.’-ഒരാൾ പ്രതികരിച്ചതിങ്ങനെ.
‘അവളുടെ കണ്ണീരിനോട് പ്രതികരിച്ചാൽ നിങ്ങൾക്ക് രണ്ടു നാണയമെങ്കിലും കിട്ടുമായിരിക്കും. എന്നാൽ, ലൈംഗിക പീഡനത്തിന്റെ ഇരകളായ ആ ഗുസ്തി താരങ്ങൾക്കൊപ്പം നിന്നാൽ ഒന്നും കിട്ടില്ല. നിങ്ങൾ കപടനാട്യക്കാരിയായ ബി.ജെ.പിക്കാരി മാത്രമാണെന്ന് എല്ലാവർക്കുമറിയാം’ -ഗുസ്തി താരങ്ങൾ കരയുന്ന ചിത്രമടക്കം ഒരാൾ ഖുശ്ബുവിന് മറുപടി ട്വീറ്റ് ഇട്ടത് ഇതായിരുന്നു. ആ ചാമ്പ്യന്മാരുടെ പ്രതിഷേധത്തിന് വില കൽപിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് മിണ്ടാതിരിക്കുകയെങ്കിലും ചെയ്തുകൂടേ എന്നൊരാൾ എഴുതി.
‘നിങ്ങളുടെ ഈ പോസ്റ്റ് വായിക്കുമ്പോൾ തോന്നുന്നത് യജമാനൻ തന്റെ വീട് നോക്കാൻ ഏൽപ്പിച്ച മൃഗം ഏത് രീതിയിൽ ആണോ, അത് പോലെയാണ്. ആര് വന്നാലും കുരച്ച് കൊണ്ടിരിക്കും. അത് കള്ളൻ ആയാലും അല്ലങ്കിലും. ഏതൊരു രാഷ്ട്രീയ പാർട്ടിയിൽ പ്രവർത്തിച്ചാലും സത്യത്തിനോടും നീതിയോടും കൂടെ നിൽക്കണം. അതാണ് രാഷ്ട്രീയ സേവനം. അല്ലാതെ അക്രമികളോടും ക്രിമിനലുകളോടും ആയിരിക്കരുത്’ -ഖുഷ്ബുവിന്റെ ട്വീറ്റിനു താഴെ മലയാളത്തിൽ എഴുതിയ കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു.
താരങ്ങൾ തെരുവിലിറങ്ങി സമരം ചെയ്ത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുകയും രാജ്യത്തിന്റെ പ്രതിച്ഛായ മോശമാക്കുകയും ചെയ്യുന്നുവെന്ന ഉഷയുടെ പരാമർശം വൻ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. താരങ്ങൾ പ്രതിഷേധിക്കുന്നതിന് പകരം ഒളിംപിക് അസോസിയേഷന്റെ അത്ലറ്റ്സ് കമീഷനു മുൻപാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നായിരുന്നു ഉഷയുടെ ആവശ്യം. ഈ അഭിപ്രായ പ്രകടനത്തിനെതിരെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
‘ലൈംഗിക പീഡന പരാതികൾ പരിശോധിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനിൽ കമ്മിറ്റിയുണ്ട്. താരങ്ങളുടെ കമീഷനുമുണ്ട്. പരാതിയുമായി അസോസിയേഷനെ സമീപിക്കുന്നതിനു പകരം അവർ വീണ്ടും തെരുവിലിറങ്ങുകയാണ് ചെയ്തത്. അത് കായികരംഗത്തിനു നല്ലതല്ല. ഇത്തരം പ്രതിഷേധങ്ങൾ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിക്കും. ഇത്തരം നെഗറ്റീവ് പ്രചാരണം രാജ്യത്തിനു നല്ലതല്ല. ഗുസ്തി താരങ്ങൾക്കും ഇന്ത്യയെ പ്രതിനിധാനം ചെയ്ത മറ്റെല്ലാ താരങ്ങള്ക്കുമൊപ്പമാണ് അസോസിയേഷൻ. പക്ഷേ, അത് നിയമാനുസൃതമായി മാത്രമാണ്. തെരുവിൽ ധർണയിരുന്ന് താരങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ തേടുന്നത് എന്നെ നിരാശപ്പെടുത്തുന്നു’ – ഇതായിരുന്നു താരങ്ങൾക്കെതിരെ ഉഷയുടെ വിവാദ പരാമർശം. താരങ്ങൾ കുറച്ചൊക്കെ അച്ചടക്കം പാലിക്കേണ്ടതുണ്ട് എന്നും ‘പയ്യോളി എക്സ്പ്രസ്‘ പറഞ്ഞിരുന്നു.