കൊച്ചി : റേഷന്‍ കടകള്‍ വഴി സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിന് കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശിക രണ്ടു മാസത്തിനുള്ളില്‍ നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഓണക്കിറ്റുകളും കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്ത വകയില്‍ കമ്മിഷന്‍ ഇനത്തില്‍ നല്‍കാനുള്ള കുടിശികയാണിത്. എന്നാല്‍, കിറ്റുകള്‍ വിതരണം ചെയ്തതിന്, 2018 നവംബര്‍ 30ലെ സര്‍ക്കാര്‍ ഉത്തരവിലുള്ള നിരക്കിന് ഹര്‍ജിക്കാര്‍ക്ക് നിയമപരമായി അര്‍ഹതയില്ലെന്നു ഹൈക്കോടതി വിലയിരുത്തി. 2018ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ക്വിന്റലിന് 220 രൂപ നിരക്കിലാണു സര്‍ക്കാര്‍ കമ്മിഷന്‍ നിശ്ചയിച്ചത്. റേഷന്‍ കടയുടമകളുടെ ഈ ആവശ്യം തള്ളി. സൗജന്യ കിറ്റിന് കമ്മിഷന്‍ ഏഴു രൂപയാക്കി സര്‍ക്കാര്‍ 2020 ജൂലൈ 30ന് ഉത്തരവിട്ടിരുന്നു. ഓണക്കിറ്റിന് കമ്മിഷന്‍ അഞ്ചു രൂപയാക്കി 2021 ഫെബ്രുവരി 19ന് ഉത്തരവിട്ടു.
ഈ ഉത്തരവുകള്‍ പ്രകാരമുള്ള തുക നല്‍കാനാണു ഹൈക്കോടതി നിര്‍ദേശിച്ചത്. ഓണക്കിറ്റില്‍ സാധനങ്ങളുടെ എണ്ണം കുറവായതിനാല്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്തിയതില്‍ നിയമവിരുദ്ധത ഇല്ലെന്നു കോടതി പറഞ്ഞു. ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി പി.എ. നൗഷാദ് ഉള്‍പ്പെടെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എന്‍. നഗരേഷിന്റെ ഉത്തരവ്.