തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുതുവത്സരാഘോഷങ്ങൾക്ക് മാറ്റ് കൂട്ടാൻ കോവളം തീരം ഒരുങ്ങി കഴിഞ്ഞു. വിവിധ ആഘോഷങ്ങളോടെയാണ് കോവളത്ത് പുതുവത്സരത്തെ വരവേൽക്കുന്നത്. പോയ വർഷങ്ങളെപ്പോലെ തന്നെ കൃത്യം 12 മണിക്ക് പുതുവത്സരത്തെ വരവേറ്റു മാനത്ത് പൂത്തിരികൾ വിരിയും. തീരത്ത് സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായി ആഘോഷങ്ങള്‍ക്ക് എത്തുന്നവര്‍ രാത്രി പന്ത്രണ്ടരയോടെ തീരം വിടണമെന്നാണ് പൊലീസിന്‍റെ കര്‍ശന നിര്‍ദ്ദേശം. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുമ്പ് രാത്രി 10 മണി വരെയാണ് തീരത്ത് പുതുവത്സര ആഘോഷങ്ങൾ അനുവദിച്ചിരുന്നത്. എന്നാൽ ഇക്കുറി ഈ നിയന്ത്രണങ്ങൾ ഇല്ലാത്തത് പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആളുകളെ തീരത്തേക്ക് എത്തിക്കുമെന്നാണ് പൊലീസിന്‍റെയും കണക്ക് കൂട്ടല്‍.
തീരത്ത് സുരക്ഷ ക്രമീകരണങ്ങളുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയുമില്ലെന്നാണ് പൊലീസിന്‍റെയും എക്സൈസിന്‍റെയും നിലപാട്. സുരക്ഷയ്ക്കായി തീരം സി സി ടി വിയുടെ നിരീക്ഷണത്തിലാകും ഏത് നിമിഷവും. ബീച്ചിൽ സ്ഥാപിച്ചിട്ടുള്ള 16 ലധികം കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കോവളം സ്റ്റേഷനിലെ കൺട്രോൾ റൂമിൽ നിന്ന് നിരീക്ഷിച്ച് നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ഇന്ന് തീരത്ത് അഡീഷണൽ കാമറകൾ സ്ഥാപിച്ച് തീരത്ത് പ്രത്യേകം തയാറാക്കുന്ന കൺട്രോൾ റൂമിൽ നീരീക്ഷിച്ച് അപ്പപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫോർട്ട് അസിസ്റ്റൻറ് കമ്മീഷണർ എസ് ഷാജി പറഞ്ഞു. പുതുവർഷാഘോഷം അതിരുവിടുന്നവർക്കെതിരെയും മയക്കുമരുന്ന് മാഫിയയ്ക്കും സാമൂഹ്യ വിരുദ്ധർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമേ ബൈക്കിലും അല്ലാതെയും തീരവും സമീപ പ്രദേശങ്ങളിലും റോന്തുചുറ്റി 400 ഓളം പൊലീസുകാരുടെ സാന്നിധ്യവുമുണ്ടാകും. പൊലീസുകാരുടെ കൃത്യമായ വിന്യാസത്തിലും വിവരങ്ങള്‍ അപ്പോള്‍ അപ്പോള്‍ കൈമാറുന്നതിനുമായി സിറ്റി പോലീസ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി.
പരിശോധനകൾക്ക് ശേഷമായിരിക്കും തീരത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നത്. വലിയ വാഹനങ്ങൾക്ക് കോവളം ജംഗ്ഷൻ വരെ മാത്രമാണ് പ്രവേശനം. എന്നാല്‍, കേവളത്തെ തെരുവ് വിളക്കുകള്‍ ഇതിന്‍റെ എല്ലാം നിറം കെടുത്തുമോ എന്ന ആശങ്കയും ചെറുതല്ല. പല സ്ട്രീറ്റ് ലൈറ്റുകളും പ്രവര്‍ത്തന ക്ഷമമല്ലെന്നത് തന്നെ കാരണം. ഡി ജെ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പൊലീസിന്‍റെയും എക്സൈസിന്‍റെയും ഭാഗത്ത് നിന്ന് കർശന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് വയ്ക്കാൻ പോലീസ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഒരു തരത്തിലും ലഹരി മരുന്ന് ഉപയോഗം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ ജാഗരൂകരാണ് എക്സൈസ് സംഘം.