തിരുവനന്തപുരം : പണിമുടക്കിനെ നേരിടാൻ കെഎസ് ആർടിസിയിൽ ഡയസ്നോൺ പ്രഖ്യാപിച്ചു. സമരം ചെയ്യുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ഒരു ദിവസത്തെ വേതനം ഈടാക്കും. അതേസമയം മാനേജ്മെന്റിന്റെ സമ്മർദ്ദത്തിന് വഴങ്ങാതെ സമരവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷ യൂണിയനുകളുടെ തീരുമാനം. അതേസമയം ഭരണകക്ഷി യൂണിയനായ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സമരത്തിൽ പങ്കെടുക്കുന്നില്ല. ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെഎസ്ആർടിസിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതോടെ ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ പണിമുടക്കുമെന്ന് പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കി. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി.
ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് ഇന്ന് നടന്ന ചർച്ചയിൽ കോർപറേഷൻ സിഎംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്ന് പ്രതിപക്ഷ സംഘടനകൾ പറഞ്ഞു. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് ആത്മാർത്ഥമായ ശ്രമമില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണം. ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ തിരുവനന്തപുരത്ത് അറിയിച്ചു.