എറണാകുളം : സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിൽ എതിർത്തും അനുകൂലിച്ചും വിശ്വാസികളുടെ പ്രതിഷേധം. എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ഹൗസിനു മുന്നിലായിരുന്നു ഇരു വിഭാഗം വിശ്വാസികളും പ്രതിഷേധം നടത്തിയത്. സിനഡ് തീരുമാനം താൽക്കാലികമായി നിരോധിച്ച ബിഷപ്പ് ആൻറണി കരിയലിനെതിരെയായിരുന്നു ബസിലിക്ക കുടുംബമെന്ന പേരിലുള്ളവരുടെ പ്രതിഷേധം.
നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ട മറു വിഭാഗം പള്ളിയിൽ നിന്നും പ്രകടനമായാണ് എത്തിയത്. പ്രസംഗത്തിനിടെ വിശ്വാസികൾ തമ്മിൽ വാക്കേറ്റമായി.തുടർന്ന് പോലീസ് ഇടപെട്ടു. ഏകീകൃത കുര്‍ബാന ക്രമം നടപ്പാക്കുന്നതിന് ഈസ്റ്റര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്. ആ സമയ പരിധിക്കുള്ളില്‍ എല്ലാ ദേവാലയങ്ങളിലേക്കും ഏകീകൃത കുര്‍ബാന ക്രമം കൊണ്ടുവരുകയെന്നതാണ് സിനഡിന്റെ തീരുമാനം.