മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരം രാജ് കപൂറിന്‍റെ ബംഗ്ലാവ് ഗോദറേജ് പ്രൊപ്പട്ടീസ് വാങ്ങി. നൂറു കോടിക്കാണ് ഈ ഇടപാട് നടന്നത് എന്നാണ് വിവരം. മുംബൈ ചെമ്പൂരിലെ ഡിയോനാർ ഫാം റോഡിലെ ആർകെ കോട്ടേജ് എന്നറിയപ്പെടുന്ന ബംഗ്ലാവിന് 4265.50 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിലാണ് കിടക്കുന്നത്. ഒരുകാലത്ത് ബോളിവുഡ് സിനിമയുടെ കേന്ദ്രസ്ഥലമായ ഇവിടെ ഇനി പ്രീമിയം റെസിഡൻഷ്യൽ പ്രോജക്റ്റായി മാറ്റാനാണ് ഗോദറേജ് ഉദ്ദേശിക്കുന്നത് എന്നാണ് വിവരം.
വെള്ളിയാഴ്ച, ബംഗ്ലാവിന്‍റെ കൈമാറ്റ രേഖയിൽ രാജ് കപൂറിന്‍റെ മൂത്തയാളും ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എക മനുമായ രൺധീർ കപൂർ, മകൾ റീമ ജെയിൻ, കൊച്ചുമക്കളായ നിതാഷ നന്ദ, നിഖിൽ നന്ദ, പരേതനായ ഋഷി കപൂറിന്റെ ഭാര്യ നീതു ഋഷി കപൂർ എന്നിവർ ഒപ്പിട്ടതായാണ് വിവരം.
“ചെമ്പൂരിലെ ഈ റെസിഡൻഷ്യൽ പ്രോപ്പർട്ടി ഞങ്ങളുടെ കുടുംബത്തിന് വൈകാരികവും ചരിത്രപരവുമായ പ്രാധാന്യമുള്ളതാണ്. വലിയ വികസനത്തിനായി ഗോദ്‌റെജ് ഇത് ഉപയോഗപ്പെടുത്തുന്നതില്‍ സന്തോഷമുണ്ട്” കരാർ ഒപ്പിട്ട ശേഷം നടനും നിർമ്മാതാവുമായ രൺധീർ കപൂർ പറഞ്ഞു
റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകളും ആഡംബര സംവിധാനങ്ങളും വികസിപ്പിക്കുന്നതിനായി 180-200 കോടി രൂപയ്ക്ക് 2019 മെയ് മാസത്തിൽ കപൂര്‍ കുടുംബത്തില്‍ നിന്നും 2.2 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആര്‍കെ ഫിലിംസ് ആൻഡ് സ്റ്റുഡിയോ ഗോദറേജ് പ്രൊപ്പട്ടീസ് ഏറ്റെടുത്തിരുന്നു. ഇതിന് അടുത്തു കിടക്കുന്നതാണ് പുതിയ ഇടപാടില്‍ പെടുന്ന ബംഗ്ലാവും സ്ഥലവും.