കൊച്ചി> എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ആലോചിച്ച് നിലപാട് വ്യക്തമാക്കാമെന്നും കെപിസിസി ആക്ടിങ് പ്രസിഡന്റും യുഡിഎഫ് കൺവീനറുമായ എം എം ഹസ്സൻ. എല്ലാവരുടെയും വോട്ടിന് ഒരേവിലയാണ്. എസ്ഡിപിഐ വർഗീയ പാർടിയാണോ എന്നതിൽ യുഡിഎഫിന് പ്രത്യേക നിലപാടില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് അക്കാര്യം തീരുമാനിക്കേണ്ടതെന്നും എറണാകുളം പ്രസ്‌ക്ലബ്ബിൽ മുഖാമുഖത്തിൽ ഹസ്സൻ പറഞ്ഞു.
കോൺഗ്രസിന് കിട്ടിയ ഇലക്ടറൽ ബോണ്ട് സഹായമാണ്. അഴിമതിയല്ല. പൗരത്വ ഭേദഗതി നിയമം മുസ്ലിംവിരുദ്ധമല്ലെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത് താൻ കേട്ടിട്ടില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇന്ത്യ മുന്നണിയും അധികാരത്തിൽ വരും. ഇന്ത്യ മുന്നണി 300 സീറ്റ് നേടും. തെരഞ്ഞെടുപ്പുഫലം സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽകൂടിയാകും. പൗരത്വ ഭേദഗതി നിയമമാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന പ്രചാരണ വിഷയമാക്കുന്നത്. മുസ്ലിങ്ങൾക്കുവേണ്ടി മുഖ്യമന്ത്രി കണ്ണീരൊഴുക്കുന്നത് വോട്ടുബാങ്കിൽ കണ്ണുവച്ചാണെന്നും ഹസ്സൻ പറഞ്ഞു.