കോവളം > വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനത്തിന്റെ കൂടെഫലമാണ് ഇപ്പോൾ പൂർത്തീകരണത്തിലേക്ക് എത്തിയിരിക്കുന്നത്. വിഴിഞ്ഞം തുറമുഖനിർമാണം നിർത്തിവയ്‌ക്കാൻ സമരം ചെയ്‌തവരാണ് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണം എന്നൊക്കെ പറഞ്ഞ് വരുന്നത്. അതൊക്കെ ജനം മനസ്സിലാക്കും. വിഴിഞ്ഞം തുറമുഖത്തിന്റെ തുടക്കം മുതൽ ഇതുവരെ എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെ വ്യക്തമായ പങ്കുണ്ട്. സിപിഐ എം കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദ പ്രകടനത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.
വി എസ് അച്യുതാനന്ദന്റെ കാലഘട്ടത്തിൽ വളരെ മികച്ച രീതിയിൽ കാര്യങ്ങൾ മുന്നോട്ട് പോവുകയും ടെൻഡർ നടപടികളിലേക്ക് വരെ കടന്നതാണ്. അന്നത്തെ കോൺഗ്രസിന്റെ കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. അന്ന് സർക്കാരിന്റെ പൂർണമായ പങ്കാളിത്തത്തിൽ നടത്താൻ തീരുമാനിച്ച പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ വന്നതോടെ പൂർണമായി സ്വകാര്യ പങ്കാളിത്തത്തോടെ ആക്കി മാറ്റുകയാണ് ചെയ്‌തത്. ഇതിലെ അഴിമതിയാണ് ഞങൾ ചൂണ്ടിക്കാട്ടിയത്. അതിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നിർത്തിയാൽ അത് നമ്മുടെ സ്വപ്നത്തിൻ തന്നെ തിരശ്ശീല വീഴ്ത്തും എന്നത് കൊണ്ടാണ് എല്ലാ പിന്തുണയും നൽകി പദ്ധതി ഈ തരത്തിൽ പൂർത്തീകരണത്തിലേക്ക് എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.