കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ വിളിച്ച് ചേർത്ത യോഗത്തിൽ പങ്കെടുപ്പിക്കാത്തതിൽ പ്രതിഷേധവുമായി മാക്ട ഫെഡറേഷൻ. ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ ശക്തമായി വാദിച്ചതാണ് അവഗണനക്ക് പിന്നില്ലെന്ന് മാക്ട ചെയർമാൻ ബൈജു കൊട്ടാരക്കര കൊച്ചിയിൽ പറഞ്ഞു. സംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകളുടെ യോഗം വിളിച്ചത്. ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ മാക്ടയിൽ 19 യൂണിയനുകളിലായി 6000 അംഗങ്ങളുണ്ടെന്നും ബൈജു കൊട്ടാരക്കര ചൂണ്ടികാട്ടി.
അതേസമയം മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഷമ്മി തിലകൻ രംഗത്തെത്തി. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ചർച്ചയിൽ പങ്കെടുത്ത അമ്മയിലെ പ്രതിനിധികൾക്കെതിരെയാണ് ഷമ്മി രംഗത്തെത്തിയത്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം?’ എന്ന് കുറിച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ വിമർശനം. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു, വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു, ട്രഷറര്‍ സിദ്ദിഖ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. മൂവരുടേയും ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഷമ്മിയുടെ പോസ്റ്റ്. ‘പൊന്നുരുക്കുന്നിടത്ത് പൂച്ചകൾക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ‘അമ്മ’ പ്രതിനിധികൾ..! സ്ത്രീകളെ ‘പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്നൊക്കെ പറയുന്നവരോട്..!ഈ ചർച്ചയിൽ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും…? പ്രവചിക്കാമോ..?’, എന്നാണ് ഷമ്മി കുറിച്ചത്.