പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം ആവര്‍ത്തിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ രൂക്ഷപരിഹാസവുമായി ബിജെപി നേതാവ് അമിത് മാളവ്യ. തൃണമൂല്‍ കോണ്‍ഗ്രസ് തന്നെ മഹുവയെ കൈവിട്ടെന്നാണ് അമിതിന്റെ പരിഹാസം. മമത മഹുവയെ കൈവിട്ടതില്‍ അതിശയിക്കാനില്ലെന്നും മമത ബാനര്‍ജി തങ്ങളുടെ പാര്‍ട്ടി നേതാക്കള്‍ അറസ്റ്റിലാകുമ്പോഴെല്ലാം മൗനം പാലിക്കാറുണ്ടെന്നും അദ്ദേഹം എക്‌സിലൂടെ ആരോപിച്ചു.
അഭിഷേക് ബാനര്‍ജി ഒഴികെ മറ്റെല്ലാവരേയും കുറ്റകൃത്യങ്ങളല്‍ മമത കൈവിടുകയാണ് ചെയ്യുക. ഗുരുതരമായ അഴിമതിയും ക്രിമിനല്‍ കുറ്റങ്ങളും ചുമത്തി നിരവധി ടിഎംസി നേതാക്കള്‍ ജയിലിലായിട്ട് പോലും മമത ബാനര്‍ജി മൗനം അവലംബിക്കുകയാണ് ചെയ്തതെന്നും അമിത് പറഞ്ഞു. മഹുവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പാര്‍ട്ടിയ്ക്ക് ഒന്നും പറയാനില്ലെന്നും ഇതിനുള്ള മറുപടി ഏറ്റവും വ്യക്തമായി പറയാന്‍ സാധിക്കുക മഹുവയ്ക്ക് തന്നെയാണെന്നുമായിരുന്നു ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ് കോഴ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു അമിതിന്റെ പ്രതികരണം.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കുന്നതിന് മഹുവ, വ്യവസായിയില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു ബിജെപി നേതാവ് നിഷികാന്ത് ദുബെയുടെ ആരോപണം. മഹുവ മൊയ്ത്ര, ഗുരുതരമായ അവകാശലംഘനം നടത്തിയെന്നും, സഭയെ സഭയെ അപമാനിച്ചു എന്നുമാണ് നിഷികാന്ത് ദുബെ, സ്പീക്കര്‍ ഓം ബിര്‍ളക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്.മൊഹുവ മൊയ്ത്ര, പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഭൂരിഭാഗവും, വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നാണ് ആരോപണം.