തൃശൂര്‍ : തൃശ്ശൂർ അരിമ്പൂരിൽ റോഡരികിൽ നിന്നയാളെ ചീറിപ്പാഞ്ഞ് എത്തിയ ആംബുലൻസ് ഇടിച്ചുവീഴ്ത്തി. ആംബുലന്‍സ് ഇടിച്ച് അരിമ്പൂർ സ്വദേശി ബാബു (53) വിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെ കുന്നത്തങ്ങാടിയിലാണ് സംഭവം. ബാബുവിന്‍റെ കൈക്കും കാലിലും പരിക്കേറ്റു. സാരമായി പരിക്കേറ്റെങ്കിലും ബാബുവിന്‍റെ ആരോഗ്യനില ഗുരുതരമല്ല. വീണത് കണ്ടിട്ടും ആംബുലൻസ് നിർത്താതെ പാഞ്ഞുവെന്ന് നാട്ടുകാർ ആരോപിച്ചു. പിന്നീട് മറ്റൊരു ആംബുലൻസ് എത്തിയാണ് പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചത്. തളിക്കുളത്തുള്ള മെക്സിക്കാന ആംബുലൻസാണ് അപകടമുണ്ടാക്കിയത്.