വയനാട് : കമ്പമലയിലും പരിസര പ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയതിനിടെ അഞ്ചംഗ ആയുധധാരികളായ മാവോയിസ്റ്റ് സംഘം മക്കി മലയിൽ വീണ്ടുമെത്തി. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്റ്ററും ഡ്രോണുമായി പോലീസ് ത്രിമുഖ പരിശോധന ശക്തമാക്കിയത്. ഇതിനിടയിലാണ് മാവോയിസ്റ്റ് സംഘം വീണ്ടും എത്തിയത്. പ്രദേശത്തെ ഒരു റിസോർട്ടിലാണ് സംഘമെത്തിയത്. പ്രദേശത്തെ റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വാർത്ത കുറിപ്പ് അയച്ചു.
തൊഴിലാളി പക്ഷത്തു നിന്ന് മാവോയിസ്റ്റുകൾ ഉയർത്തിയ വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ പ്രതികരണം നടത്തുന്നില്ലെന്നും, സിപിഐഎം നേതാക്കൾ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും റിസോർട്ടിലെ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാവോയിസ്റ്റുകൾ മാധ്യമപ്രവർത്തകർക്ക് അയച്ച വാർത്ത കുറിപ്പിൽ പറയുന്നു. സിപിഐഎം മുൻ എംഎൽഎ ആയ സികെ ശശീന്ദ്രൻ, സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ എന്നിവർക്കെതിരെയും പരാമർശമുണ്ട്. ഒന്നര മണിക്കൂറോളം റിസോർട്ടിൽ തങ്ങിയ മാവോയിസ്റ്റ് സംഘം അരിയും പലവ്യഞ്ജനങ്ങളും ശേഖരിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.