ലഹോര്‍: ഇമ്രാൻ ഖാൻ പാകിസ്താൻ വിട്ട് ഇന്ത്യയിലേക്ക് പോകട്ടെയെന്ന് പിഎംഎൽ-എൻ നേതാവ് മറിയം നവാസ്. അടുത്തകാലത്ത് നിരന്തരം ഇന്ത്യയെ പുകഴ്ത്തി ഇമ്രാൻ നടത്തിയ പ്രസ്താവനയാണ് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ കൂടിയായ മറിയം നവാസിനെ പ്രകോപിപ്പിച്ചത്. അത്രത്തോളം ഇഷ്‌ടമാണെങ്കിൽ പാകിസ്‌താനിലെ ജീവിതം ഉപേക്ഷിച്ച് ഇമ്രാൻ ഖാൻ ഇന്ത്യയിലേക്ക് കുടിയേറണം. ‘ഇന്ത്യയിലെ 27 പ്രധാനമന്ത്രിമാർക്കെതിരെ അവിശ്വാസ പ്രമേയങ്ങൾ വന്നിട്ടുണ്ട്. വാജ്‌പേയ് ഒരു വോട്ടിന് പരാജയപ്പെട്ട് വീട്ടിലേക്കാണ് പോയത്. നിങ്ങളെപ്പോലെ രാജ്യത്തെയും ഭരണഘടനയെയും ബന്ദികളാക്കിയില്ല.’ – മറിയം കൂട്ടിച്ചേർത്തു. അതേ സമയം ഇമ്രാൻ സർക്കാരിനെതരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചയ്ക്കെടുക്കും മുമ്പ് പാകിസ്ഥാനിൽ തിരക്കിട്ട രാഷ്ട്രീയ നീക്കങ്ങൾ. ഇന്ന് അടിയന്തര മന്ത്രിസഭായോഗം വിളിച്ച് ഇമ്രാൻ ഖാൻ, സന്ധ്യയോടെ രാജ്യത്തെ അഭിസംബോധന ചെയ്യും.
അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കും മുമ്പ് തലസ്ഥാനത്തെത്താൻ പാർട്ടി എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പാർലമെന്ററി പാർട്ടി യോഗവും ഇന്ന് ചേരും. പാക്കിസ്ഥാനായി അവസാന പന്തുവരെയും പോരാടുമെന്നാണ് എനിക്ക് എന്റെ രാജ്യത്തോട് പറയാനുള്ളത് – ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. അതേ സമയം ഭരണകക്ഷിയിലെ അടക്കം കൂടുതൽ എംപിമാരെ തങ്ങളുടെ പാളയിത്തിലെത്തിക്കാനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷ പാർട്ടികൾ. പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഭരണഘടനയ്ക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡെപ്യൂട്ടി സ്പീക്കർ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികൾ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി വിധി ഇമ്രാൻഖാൻ എതിരായതോടൊണ് വീണ്ടും അവിശ്വാസപ്രമേയം ദേശീയ അസംബ്ലിയിൽ ചർച്ചയ്ക്കെടുക്കുന്നത്.
വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാന്‍ ആവില്ലെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍ ക്വസിം സൂരിയുടെ നിലപാട്. അസംബ്ലിയുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ വലിയ പ്രതിഷേധമുയർന്നിരുന്നു. അതിന് ശേഷമാണ് ഇമ്രാൻ ഖാൻ പ്രസിഡന്‍റിനെ കണ്ട് അസംബ്ലി പിരിച്ച് വിടാൻ ആവശ്യപ്പെട്ടതും രാജ്യം പൊതു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമെന്ന് പ്രഖ്യാപിച്ചതും. ഈ നീക്കത്തിനാണ് സുപ്രീംകോടതി വിധി തിരിച്ചടിയായിരിക്കുന്നത്.