കൊച്ചി: മസാല ബോണ്ട് കേസില്‍ മുൻ മന്ത്രി തോമസ് ഐസകിനെ ചോദ്യംചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഇ.ഡിയുടെ അപ്പീല്‍ ഹൈകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. തെരെഞ്ഞെടുപ്പ് കഴിയും വരെ തോമസ് ഐസക്കിനെ ചോദ്യം ചെയ്യേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി നല്‍കിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ, തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്ന ഹരജിയിൽ ഇനി സിംഗിൾ ബെഞ്ച് തന്നെ വാദം കേൾക്കട്ടേയെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.
പത്തനംതിട്ട ലോക്‌സഭാ സീറ്റിലെ ഇടത് സ്ഥാനാര്‍ഥിയാണ് തോമസ് ഐസക്ക്. വോട്ടെടുപ്പ് കഴിയുന്ന വരെ ഐസക്കിനെ ചോദ്യം ചെയ്യേണ്ടെന്ന നിലപാടിലായിരുന്നു സിംഗിള്‍ ബെഞ്ച്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് ഇ.ഡി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
മുന്‍ എല്‍.ഡി.എഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിലെ ലംഘനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട ഫെമ കേസിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഐസക്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.