അമേരിക: പസഫിക് ദ്വീപുരാഷ്ട്രമായ ടോംഗയിൽ സമുദ്രത്തിനടിയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് സുനാമി രൂപപ്പെട്ടു. തീരപ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും അതിശക്തിമായ കൂറ്റൻ തിരമാലകൾ ആഞ്ഞടിച്ചു. സുനാമി മുന്നറിയിപ്പിനെ തുടർന്ന് തീരദേശവാസികൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വീടുകളിലേക്ക് തിരമാലകൾ അടിച്ചുകയറുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ടോംഗയിലെ ഫൊൻവാഫോ ദ്വീപിന് 30 കിലോമീറ്റര്‍ തെക്കുകിഴക്കായുള്ള ഹുംഗ ടോംഗ ഹുംഗ ഹാപായ് അഗ്നിപർവതമാണ് പൊട്ടിത്തെറിച്ചത്. 30 വർഷത്തിനിടെ ടോംഗയിലുണ്ടാവുന്ന ഏറ്റവും വലിയ സ്ഫോടനമാണിത്. വെള്ളിയാഴ്ചയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച ഏഴുമടങ്ങ് ശക്തിയോടെ അഗ്നിപർവതം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും വാതകവും 20 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചതായി ടോംഗ ജിയോളജിക്കൽ സർവീസസ് അറിയിച്ചു. അതേ സമയം ദ്വീപിനോട് ചേർന്നുള്ള പ്രദേശങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
അയൽരാജ്യമായ ജപ്പാനിലെ അമാമി, തോകറ ദ്വീപുകള്‍, ഓസ്ട്രേലിയയുടെ കിഴക്കൻ തീരങ്ങൾ, ടാസ്മാനിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും യുഎസിന്റെ ഏതാനും ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വടക്കുഭാഗത്തുള്ള കടൽത്തീരത്ത് സുനാമി കാര്യമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ന്യൂസിലൻഡ് എംബസിയിൽനിന്ന് വിവരം ലഭിച്ചതായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെൻ പറഞ്ഞു.
വലിയ പാറക്കെട്ടുകളിൽ വീണ്ട് നിരവധി ബോട്ടുകൾ തകർന്നു. വ്യോമ നിരീക്ഷണം ഉടൻ നടത്തുമെന്നും ജസീന്ത അറിയിച്ചു. ആകാശത്ത് നിന്ന് ചെറിയ കല്ലുകളും ചാരവും വീണതിനാൽ 1.2 മീറ്റർ ഉയരമുള്ള തിരമാല ടോംഗൻ തലസ്ഥാനത്ത് കരയിലേക്ക് അടിച്ചുകയറി. ദ്വീപ് രാഷ്ട്രത്തിന് പിന്തുണ വാഗ്ദാനം ചെയ്യുന്നതായി യു.എസും അറിയിച്ചു