തിരുവനന്തപുരം: കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമം തടയുന്നതിനിടെ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സ ചെലവ് പോലീസ് വഹിക്കും. അതിക്രമത്തിനിരയായ പോലീസ് ഉദ്യോഗസ്ഥർ ചികിത്സക്കായി ഇതിനകം മുടക്കിയ പണം തിരികെ നൽകും. ചികിത്സ തുടരുന്നവർക്കാവശ്യമായ പണം നൽകാനും തീരുമാനമായതായി ഡി.ജി.പി അനിൽ കാന്ത് അറിയിച്ചു. കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമത്തിനിരയായ പോലീസുകാർക്ക് സർക്കാർ ചികിത്സ സഹായം ഇതുവരെ നൽകിയിട്ടില്ലെന്ന് കേരള പോലീസ് അസോസിയേഷൻ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡിസ്ചാർജ് ചെയ്തപ്പോഴും പോലീസുകാർ സ്വന്തം പണം ചെലവഴിക്കേണ്ടിവന്നു.
ഡ്യൂട്ടിക്കിടെ സംഭവിച്ച കാര്യത്തിന് ചികിത്സ ചെലവ് വഹിക്കേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ടെന്നും പോലീസ് അസോസിയേഷൻ ചൂണ്ടിക്കാട്ടിയിരുന്നു. വിവരം സർക്കാറിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ചികിത്സ ചെലവ് പോലീസ് വഹിക്കുമെന്ന അറിയിപ്പ് പോലീസ് ആസ്ഥാനത്തുനിന്ന് പുറത്തുവന്നത്.