ന്യൂഡൽഹി > റിലയൻസ് ഇൻഡസ്‌ട്രീസ് തലവനും ഏഷ്യയിലെ സമ്പന്നരിൽ പ്രമുഖനുമായ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹപൂർവ ചടങ്ങിന് അതിഥികള്‍ക്കെത്താന്‍ പാക് അതിർത്തിയോട് ചേർന്ന വ്യോമസേനയുടെ തന്ത്രപ്രധാന വിമാനത്താവളം തുറന്നുകൊടുത്ത് നരേന്ദ്ര മോദി സർക്കാർ. ഗുജറാത്ത് ജാംനഗറിലെ പ്രതിരോധ വിമാനത്താവളത്തിന് 25 മുതൽ മാർച്ച് അഞ്ചുവരെ “അന്താരാഷ്‌ട്ര വിമാനത്താവള’മെന്ന പദവി താൽക്കാലികമായി നല്‍കി. ചടങ്ങിനെത്തുന്നവർക്ക് വേദിയുടെ അടുത്ത് വിമാനമിറങ്ങാനാണ് രാജ്യസുരക്ഷ കാറ്റിൽപ്പറത്തിയുള്ള നടപടി.
ഫെബ്രുവരി 28നും മാർച്ച് നാലിനും ഇടയിൽ കുറഞ്ഞത് 150 വിമാനമെങ്കിലും ജാംനഗറിലെത്തും.വിദേശഅതിഥികളടക്കം ഏകദേശം 2000 പേർ പരിപാടിക്കെത്തുന്നു. പ്രതിദിനം ശരാശരി മൂന്ന് ഷെഡ്യൂൾഡ് വിമാനവും അഞ്ച് നോൺ ഷെഡ്യൂൾഡ് വിമാനവുംമാത്രം കൈകാര്യം ചെയ്യുന്ന വിമാനത്താവളത്തിലാണ് 10 ദിവസത്തിനുള്ളിൽ പരിധിയിൽക്കവിഞ്ഞ വിമാനങ്ങളെത്തുന്നത്. വിമാനത്താവളത്തിലെ പാസഞ്ചർ കെട്ടിടം അടുത്തിടെ വിപുലീകരിച്ചത് അനന്ത് അംബാനി കല്യാണചടങ്ങിന് വേണ്ടിയാണെന്ന് ഇപ്പോഴാണ് നാട്ടുകാര്‍ക്ക് മനസ്സിലായത്.
വിമാനത്താവളജീവനക്കാരുടെ എണ്ണവും വർധിപ്പിച്ചു. വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ വിമാനത്താവളത്തിനു സമീപം പ്രത്യേക സൗകര്യമൊരുക്കാൻ റിലയൻസ് ഇൻഡസ്‌ട്രീസിന് അനുമതിയും നല്‍കി. ജൂലൈയില്‍ നിശ്ചയിച്ച കല്യാണത്തിന് മുന്നോടിയായ് ജാംനഗറില്‍ നടക്കുന്ന ചടങ്ങില്‍ ബില്‍ ഗേറ്റ്സ്, മാര്‍ക് സക്കര്‍ബര്‍ഗ്, ഇവാന്‍ക ട്രംപ് തുടങ്ങിയ പ്രമുഖരാണ് പങ്കെടുക്കുന്നത്.