ന്യൂഡൽഹി: ആദിവാസികളുടെ ഉന്നമനത്തിനായി യു.പി.എ സർക്കാർ കൊണ്ടുവന്ന നിയമങ്ങളെ മോദി സർക്കാർ ദുർബലപ്പെടുത്തിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആദിവാസികളുടെ ഭൂമി തട്ടിയെടുത്ത് വ്യവസായികളായ സുഹൃത്തുക്കൾക്ക് നൽകാൻ പ്രധാനമന്ത്രി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ ബുൽധാനയിൽ നടന്ന ആദിവാസി മഹിളാ വർക്കേഴ്സ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തിന്‍റെ ആദ്യത്തെ അവകാശികളാണ് ആദിവാസികൾ. മറ്റ് പൗരന്മാർക്കുള്ള അതേ അവകാശങ്ങൾ അവർക്കുണ്ട്. പ്രധാനമന്ത്രി ആദിവാസികളെ വനവാസികൾ എന്ന് വിളിച്ചു. ‘ആദിവാസി’, ‘വനവാസി’ എന്നീ വാക്കുകൾക്ക് വ്യത്യസ്ത അർഥങ്ങളാണ്. ആദിവാസികളുടെ സംസ്കാരവും ചരിത്രവും മനസ്സിലാക്കിയില്ലെങ്കിൽ നിങ്ങൾക്ക് രാജ്യത്തെ മനസ്സിലാകില്ല.’ -രാഹുൽ ഗാന്ധി പറഞ്ഞു.
വനനിയമം, ഭൂനിയമം, പഞ്ചായത്തീ രാജ് തുടങ്ങിയ നിയമങ്ങൾ കേന്ദ്രസർക്കാർ ദുർബലപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഈ നിയമങ്ങൾ ശക്തിപ്പെടുത്തുമെന്നും ആദിവാസികളുടെ ക്ഷേമത്തിനായി പുതിയ നിയമങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി.