മൈസൂരു : ഗൂഗിളിൽ ലോകത്ത് ഏറ്റവുമധികം ആളുകൾ തെരഞ്ഞവയുടെ ലിസ്റ്റിൽ മൈസൂരു കൊട്ടാരത്തിന് 15-ാം സ്ഥാനം. തിങ്കളാഴ്ച ഗൂഗിൾ പുറത്തുവിട്ട പട്ടികയിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവുമധികംപേർ തെരഞ്ഞ 20 സ്ഥലങ്ങളുടെ പട്ടികയാണ് ഗൂഗിൾ പുറത്തുവിട്ടത്.
ഇന്ത്യയിൽനിന്ന് മുംബൈയിലെ ഗേറ്റ് വേ ഓഫ് ഇന്ത്യ അഞ്ചാംസ്ഥാനത്തും ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റ് 14-ാം സ്ഥാനത്തും ആഗ്രയിലെ താജ്മഹൽ 17-ാം സ്ഥാനത്തുമാണ്. പ്രതിമാസം അഞ്ചുലക്ഷത്തോളം വിനോദസഞ്ചാരികളാണ് മൈസൂരു നഗരത്തിലെത്തുന്നത്. ഇവരിൽ ഭൂരിഭാഗംപേരും നഗരത്തിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ മൈസൂരു കൊട്ടാരം സന്ദർശിക്കാനെത്തും.
കൊട്ടാരം ഗൂഗിൾ പട്ടികയിൽ ഇടംപിടിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ടി.എസ്. സുബ്രഹ്മണ്യ പറഞ്ഞു. രാജകീയ പൈതൃകത്തിന്റെ പ്രതീകമാണ് മൈസൂരു കൊട്ടാരം. മികച്ച ഗൈഡ് സേവനവും മറ്റു സൗകര്യങ്ങളും ലഭ്യമാകുന്നതിനാൽ കൊട്ടാരത്തിലെത്തുന്ന വിദേശസഞ്ചാരികളുടെ എണ്ണം വർധിക്കുന്നുണ്ട്. ഗൂഗിൾ കൊട്ടാരത്തെ ഉൾപ്പെടുത്തിയത് മൈസൂരു നിവാസികൾക്ക് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന പിൻവലിച്ചതോടെ മൈസൂരു കൊട്ടാരത്തിലേക്ക് മലയാളിസന്ദർശകർ എത്താൻ തുടങ്ങിയിട്ടുണ്ട്. വരുന്ന ആഴ്ചകളിൽ എണ്ണം ഉയരുമെന്നാണ് പ്രതീക്ഷ. അതിനാൽ, മലയാളികളുടെ ഹോട്ടലുകൾ, ലോഡ്ജുകൾ, റെസ്റ്റോറന്റുകൾ എന്നിവയിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുകയായിരുന്നു.