കോഴിക്കോട്: രോഗിയുമായി പോയ ആംബുലന്‍സിന് കിലോമീറ്ററുകളോളം മാര്‍ഗതടസം സൃഷ്ടിച്ച സ്വകാര്യ കാര്‍ ഉടമയുടെ പരാക്രമം. ഇടക്കിടയ്ക്കും ബ്രേക്കിട്ട് അഭ്യാസം കാണിച്ചുമാണ് കാര്‍ മാര്‍ഗ തടസം സൃഷ്ടിച്ചത്. കിലോമീറ്ററുകളോളം കാറിന് ആംബുലൻസിന് വഴി മാറി നൽകിയില്ല. കോഴിക്കോട് കക്കോടി ബൈപ്പാസ് ഭാഗത്താണ് കാര്‍ തടസം സൃഷ്ടിച്ചത്. രോഗിയുടെ ബന്ധുക്കള്‍ സംഭവത്തില്‍ പൊലീസിലും നന്മണ്ട ആര്‍ടിഒയ്ക്കും പരാതി നല്‍കിയിരുന്നു. സംഭവത്തിൽ വാഹന ഉടമയ്ക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് രക്ത സമ്മർദ്ദം കുറഞ്ഞ രോഗിയുമായി പോയ ആംബുലൻസിനാണ് കാർ മാർഗതടസമുണ്ടാക്കിയത്. ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. വീതിയും സൌകര്യവുമുള്ള റോഡായിരുന്നിട്ടും കാര്‍ ഓടിച്ചിരുന്നയാള്‍ ഏറെദൂരം മാര്‍ഗ തടസം സൃഷ്ടിക്കുകയും അടുത്ത വൺവേയിലേക്ക് കയറും വരെ വഴി നൽകാതിരിക്കുകയുമായിരുന്നു. കേസില്‍ ആദ്യഘട്ടമായി വാഹന നമ്പർ കണ്ടെത്തി ഉടമയെ തിരിച്ചറിഞ്ഞ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇനി വാഹനം ഓടിച്ചയാളെ കണ്ടെത്തി ലൈസൻസ് സസ്പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുമെന്ന് മോട്ടോേർ വാഹന വകുപ്പ് അറിയിച്ചു.