തിരുവനന്തപുരം: മാര്‍ച്ച് 28, 29 തീയതികളില്‍ 48 മണിക്കൂര്‍ പൊതുപണിമുടക്കിൽ മോട്ടര്‍ മേഖലയിലെ തൊഴിലാളികളും പണിമുടക്കുന്നതോടെ വാഹനങ്ങള്‍ ഓടില്ലെന്നു ട്രേഡ് യൂണിയന്‍ സംയുക്ത സമിതി അറിയിച്ചു. മാര്‍ച്ച് 28 രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 രാവിലെ 6 മണി വരെയാണ് പണിമുടക്ക്.
ആശുപത്രി, ആംബുലന്‍സ്, മരുന്നുകടകള്‍, പാല്‍, പത്രം, ഫയര്‍ ആന്‍റ് റസ്ക്യൂ പോലുള്ള ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി. വ്യാപാര, വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ പണിമുടക്കുന്നതോടെ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞു കിടക്കും. കര്‍ഷക സംഘടനകള്‍, കര്‍ഷകത്തൊഴിലാളി സംഘടനകളും കേന്ദ്ര-സംസ്ഥാന സര്‍വീസ് സംഘടനകളും അധ്യാപകസംഘടനകളും, ബിഎസ്എന്‍എല്‍, എല്‍ഐസി, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ തുടങ്ങിയവർ പണിമുടക്കില്‍ പങ്കുചേരും. തൊഴിലാളിവിരുദ്ധ ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കര്‍ഷകരുടെ 6 ആവശ്യങ്ങള്‍ അടങ്ങിയ അവകാശ പത്രിക ഉടന്‍ അംഗീകരിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.