മൂന്നുദിവസംകൊണ്ട് ബോക്സോഫീസിൽനിന്ന് കോടികൾ വാരി ജയിലർ. സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ജയിലർ’ വ്യാഴാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസിൽ വൻ കുതിപ്പാണ് സൃഷ്ടിച്ചത്. മൂന്ന് ദിവസം കൊണ്ട് ചിത്രം ഇന്ത്യയിൽ നിന്ന് 100 കോടിയിലധികം നേടിക്കഴിഞ്ഞതായാണ് റിപ്പോർട്ട്.ആദ്യ ദിനം തന്നെ ജയിലർ 48.35 കോടി നേടിയിരുന്നു.തുടർന്ന്, രണ്ടാം ദിനത്തിലും മൂന്നാം ദിനത്തിലും യഥാക്രമം 25.75 കോടിയും 35 കോടിയും കളക്ഷൻ നേടിയതായി ട്രേഡ് പോർട്ടലായ സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു. ആകെ കളക്ഷൻ 109.10 കോടി രൂപയാണ്. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ.‘യുഎസ്‌എയിൽ, ഓഗസ്റ്റ് 12 ശനിയാഴ്ച വൈകുന്നേരം 6:30 വരെ, ജയിലർ 900000 ഡോളർ കടന്നു. ഒരു മില്യൺ ഡോളർ ഇന്ന് സാധ്യമാണ്,”-ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പറയുന്നു. യു.എസിൽ മൊത്തം 3.17 മില്യൺ ഡോളറാണ് ജയിലർ നേടിയതെന്ന് മുൻ ട്വീറ്റിൽ ബാല പങ്കുവച്ചിരുന്നു. ഓസ്‌ട്രേലിയയിൽ ജയിലർ ബോക്‌സ് ഓഫീസിൽ വിജയ് ചിത്രമായ മാസ്റ്ററിനേക്കാൾ മികച്ച പ്രകടനം നടത്തിയെന്നും ബാല പറയുന്നു.
ലൈഫ് ടൈം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിൽ വിജയ്‌യുടെ വാരിസ് (1.14 മില്യൺ ഡോളർ), അജിത്തിന്റെ തുനിവ് (880K) എന്നിവയെ അമേരിക്കയിൽ ജയിലർ മറികടന്നു. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്തിനൊപ്പം സിനിമയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജാക്കി ഷ്റോഫ്, രമ്യാ കൃഷ്ണൻ, തമന്ന ഭാട്ടിയ, വിനായകൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.