കുമളി കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ട് സ്‌പിൽവേ ഷട്ടറുകൾ ചൊവ്വാഴ്‌ച തുറക്കും. അണക്കെട്ടിലെ ജലനിരപ്പ് തിങ്കൾ വൈകിട്ട് നാലോടെ 138 അടി പിന്നിട്ടു. പ്രദേശത്ത് ലഭിച്ച മഴമൂലം അണക്കെട്ടിലേക്കുളള ജലപ്രവാഹം വർധിച്ചതിനാൽ ചൊവ്വ രാവിലെ 10 മുതൽ ഡാമിന്റെ സ്‌പിൽവേ ഷട്ടറുകൾ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യുമെക്‌സ് ജലം പുറത്തേക്കൊഴുക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കലക്ടർ അറിയിച്ചു. ആവശ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി ചെയർപെഴ്‌സൺ കൂടിയായ കലക്ടർ വ്യക്തമാക്കി. ഈ വർഷം ആദ്യമായാണ് സ്‌പിൽവേ ഷട്ടറുകൾ തുറക്കുന്നത്.
ഞായർ രാവിലെ 6ന് ജലനിരപ്പ് 134.95 അടിയായിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 141.50 അടി വെള്ളം ഉണ്ടായിരുന്നു. 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 82.6 മി. മീറ്ററും തേക്കടിയിൽ 108 മി. മീറ്ററും മഴ പെയ്തു. അണക്കെട്ടിലേക്ക് സെക്കൻഡിൽ 5987 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1500 ഘനയടി വീതം കൊണ്ടുപോയി.
ഇടുക്കിയിൽ 58.71 ശതമാനം വെള്ളം
മഴ വീണ്ടും പെയ്‌തതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന. സംഭരണശേഷിയുടെ 58.71 ശതമാനം വെള്ളമാണ് നിലവിലുള്ളത്. അണക്കെട്ടിൽ 2364.56 അടി വെള്ളമുണ്ട്. എന്നാൽ കഴിഞ്ഞ വർഷം ഇതേദിവസം ജലനിരപ്പ് 2380.30 അടിയായിരുന്നു. 74.07 ശതമാനം. പദ്ധതി മേഖലയിൽ 33 മില്ലി മീറ്റർ മഴ പെയ്‌തു. മൂലമറ്റത്ത് വൈദ്യുതോൽപാദനം കുറച്ചു. തിങ്കളാഴ്‌ച 10.16 ലക്ഷം യൂണിറ്റാണ് ഉൽപാദിപ്പിച്ചത്. ഈ വർഷം മൺസൂൺ കുറവായിരുന്നതിനാൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല. എന്നാൽ തുലാമഴയിൽ 25 അടിയോളം വർധനയുണ്ടായി.