ആലപ്പുഴ: ആത്മഹത്യയുടെ വക്കിലെത്തിയ കർഷകനെ സഹായിക്കാൻ ഒറ്റക്കെട്ടായി നാട്ടുകാർ. കൊയ്ത്ത് യന്ത്രം താഴുന്നതിനാൽ പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ അയ്യനാട് പാടശേഖരത്തിലെ മണപ്പള്ളി ഭാഗത്തെ കർഷകർ ദുരിതത്തിലാണ്. രണ്ട് ഏക്കർ കൃഷിയിടം പാട്ടത്തിനെടുത്ത കുട്ടൻ എന്ന കർഷകനെ സഹായിക്കാനാണു നാട്ടുകാർ രംഗത്ത് എത്തിയത്. ദിവസങ്ങളായി ഊണും ഉറക്കവുമില്ലാതെ കൃഷിയിടത്തിലുണ്ടായിരുന്ന കുട്ടനു തലചുറ്റൽ അനുഭവപ്പെട്ടതിനെ തുടർന്നു പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരിക്കുകയാണ്.
കർഷകന്റെ ദുരിതം മനസിലാക്കിയ നാട്ടുകാർ തങ്ങളാലാവുംവിധം നെല്ല് കൊയ്തെടുത്തു നൽകുകയാണ് ഇപ്പോൾ. പ്രതിസന്ധികളെ അതിജീവിച്ചു നൂറുമേനി വിളയിച്ച പാടശേഖരത്തിൽ വിളവെടുക്കാൻ സാധിക്കുന്നില്ല. കൊയ്ത്ത് യന്ത്രം ഇറക്കുമ്പോൾ താഴ്ന്നു പോകുന്നതാണു പ്രതിസന്ധിക്ക് കാരണം. ഇരുപതിൽ തോമസുകുട്ടി, തോപ്പിൽചിറ കുഞ്ഞുമോൻ, ഇരുപത്തഞ്ചിൽചിറ കണ്ണപ്പൻ, കൊറ്റേഴം അനിരുദ്ധൻ, അനിൽ പൊന്നൻവാട തുടങ്ങിയവരുടെ കൃഷിയാണ് വിളവെടുക്കാനാവാത്തത്. 1000 ഏക്കറോളം വിസ്തൃതിയുള്ള പാടശേഖരത്തിലെ മറ്റു ഭാഗങ്ങളിലെ വിളവെടുപ്പു പൂർത്തിയായി.
ഏക്കറിനു 30 ക്വിന്റൽ വരെ നെല്ല് പാടശേഖരത്തിലെ ഒട്ടുമിക്ക കർഷകർക്കും ലഭിച്ചിട്ടുണ്ട്. ചില കർഷകർ തൊഴിലാളികളെ ഇറക്കി നെല്ല് കൊയ്തെടുക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. തൊഴിലാളികളെ ഇറക്കി കൊയ്തെടുത്താൽ ഏറെ സാമ്പത്തിക ബാധ്യത വരുമെന്നതിനാൽ പലർക്കും സാധിക്കുന്നില്ല. ഭാരം കുറഞ്ഞ യന്ത്രം എത്തിച്ചാൽ വിളവെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ കൊയ്ത്ത് യന്ത്രം തേടി കുട്ടനാടിന്റെ പല ഭാഗങ്ങളിലും ഓടി നടക്കുകയാണ് കർഷകർ.