പത്തനംതിട്ട: നവകേരള സദസ്സിന് ജില്ലയില്‍ ഒരുക്കം സജീവം. 16, 17 തീയതികളില്‍ നടക്കുന്ന സദസ്സിന് എല്ലാ മണ്ഡലത്തിലും പ്രാദേശികതലത്തിലും സംഘാടക സമിതികള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ഊര്‍ജിതമാക്കി. എം.എൽ.എമാരുടെ നേതൃത്വത്തിലാണ് മണ്ഡലംതല സംഘാടക സമിതികള്‍ രൂപവത്കരിച്ചത്. ഓരോ മണ്ഡലത്തിലെയും ക്രമീകരണം കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫിസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.പഞ്ചായത്തുതല സംഘാടക സമിതികളും രൂപവത്കരിച്ചു. ജനങ്ങളുമായി സംവദിച്ച് വീട്ടുമുറ്റസദസ്സ് നടന്നുവരുകയാണ്. മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത്, നവകേരളം നവലോകമുദ്രകള്‍ എന്ന പേരിലുള്ള ബ്രോഷര്‍ തുടങ്ങിയവ വീട്ടുമുറ്റ സദസ്സുകളിലുടെ ജില്ലയിലെ ഓരോ കുടുംബങ്ങളിലേക്കും എത്തിക്കുകയാണ്. മന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തിലാണ് ജില്ലയിലെ ഒരുക്കം നടക്കുന്നത്.
നവകേരളസദസ്സുമായി ബന്ധപ്പെട്ട് മണ്ഡലതലത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു വരുകയാണ്. കോന്നി മണ്ഡലത്തില്‍ എം.ജി സര്‍വകലാശാലയും കാലിക്കറ്റ് സര്‍വകലാശാലയും തമ്മിലുള്ള വനിത ഫുട്ബാള്‍ സൗഹൃദമത്സരം സംഘടിപ്പിച്ചു. ഒമ്പതിന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ നയിക്കുന്ന ജനപ്രതിനിധികളുടെ ടീമും കലക്ടര്‍ നയിക്കുന്ന ഉദ്യോഗസ്ഥരുടെ ടീമും തമ്മിലുള്ള സൗഹൃദക്രിക്കറ്റ് മത്സരം സംഘടിപ്പിക്കും.
ഡിസംബര്‍ 16ന് വൈകീട്ട് ആറിന് തിരുവല്ലയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ ആദ്യ നവകേരളസദസ്സ്. 17ന് രാവിലെ 11ന് ആറന്മുളയിലും വൈകീട്ട് മൂന്നിന് റാന്നിയിലും നാലിന് കോന്നിയിലും ആറിന് അടൂരിലും സദസ്സ് നടക്കും. ആറന്‍മുളയില്‍ രാവിലെ ഒമ്പതിനു നടക്കുന്ന പ്രഭാതയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലയിലെ പ്രമുഖരുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിക്കും.