റിയാദ്: നഗരവികസനത്തിനായി നീക്കം ചെയ്ത ജിദ്ദയിലെ ചേരികളിൽ താമസിച്ചിരുന്നവർക്ക് പുതുതായി നിർമിച്ച വീടുകൾ കൈമാറി. മുനിസിപ്പൽ, ഗ്രാമ, ഭവനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി തലാൽ അൽഖുനൈനിയുടെ സാന്നിധ്യത്തിൽ ജിദ്ദ ഗവർണേററ്റ് ആസ്ഥാനത്ത് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസാണ് പുതിയ ഭവന യൂനിറ്റുകൾ വിതരണം ചെയ്തത്.ഇതോടെ ജിദ്ദയിലെ ചേരി നിവാസികൾക്ക് വിതരണം ചെയ്ത മൊത്തം വീടുകളുടെ എണ്ണം 5000 ആയി. രാജകീയ ഉത്തരവ് പ്രകാരമാണ് മന്ത്രാലയം ഇത്രയും ഭവന യൂനിറ്റുകൾ നിർമിച്ചുനൽകിയത്. പദ്ധതിയിൽ പങ്കാളികളായ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരെയും ചേരികൾ നീക്കം ചെയ്യുന്ന കാലയളവിൽ സംഭാവനകൾ നൽകിയ മേഖലയിലെ 60 ചാരിറ്റബിൾ സംഘടനകളുടെ പ്രതിനിധികളെയും ഡെപ്യൂട്ടി ഗവർണർ ആദരിച്ചു.
(ഫോട്ടോ: ജിദ്ദയിൽ ചേരിനിവാസികൾക്ക് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ മിശ്അൽ ബിൻ അബ്ദുൽ അസീസ് പുതിയ ഭവന യൂനിറ്റുകൾ വിതരണം ചെയ്യുന്നു)