തിരുവനന്തപുരം: കാട്ടുപന്നിയെ കൊല്ലുന്നതിന് പുതുക്കിയ നിർദേശങ്ങളുമായി സർക്കാർ ഉത്തരവിറങ്ങി. കാട്ടുപന്നികളെ കൊല്ലുമ്പോൾ മനുഷ്യജീവനും സ്വത്തിനും വളർത്തുമൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും പന്നികളെ കൊല്ലാൻ അനുമതി നൽകാം. വിഷപ്രയോഗം, ഷോക്ക് ഏൽപ്പിക്കൽ എന്നീ മാർഗങ്ങളിലൂടെ പന്നികളെ കൊല്ലരുത്. കൊല്ലപ്പെട്ട കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്കരിക്കുമെന്ന് അധികൃർ ഉറപ്പാക്കണം.
കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെയും സംസ്കരിക്കപ്പെടുന്ന ജഡങ്ങളുടെയും വിവരങ്ങള്‍ അതത് തദ്ദേശ സ്ഥാപനത്തിൽ തയാറാക്കിയ റജിസ്റ്ററിൽ സൂക്ഷിക്കണം. ജനജാഗ്രതാ സമിതികളുടെ സേവനം കാട്ടുപന്നികളെ കൊല്ലുന്നതിനും ജഡം മറവു ചെയ്യുന്നതിനും തദ്ദേശ സ്ഥാപനങ്ങൾക്കും പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്കും ഉപയോഗിക്കാവുന്നതാണെന്നും ഉത്തരവിൽ പറയുന്നു.