കൊച്ചി: ലോക ഐടി ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായ കൊച്ചി ഇൻഫോപാർക്കിന് 35.75 കോടി രൂപയാണ് ബജറ്റ് സമ്മാനിച്ചത്. നിലവിൽ ഏറ്റെടുത്ത ഭൂമിയുടെ നിയമപരമായ തടസ്സങ്ങൾ നീക്കുന്നതിനും കെട്ടിടങ്ങളുടെ നവീകരണം, ഐടി കമ്പനികളുടെ ആവശ്യപ്രകാരമുള്ള ഇന്റീരിയർ സംവിധാനങ്ങൾ ഒരുക്കൽ എന്നിവയ്‌ക്ക് തുക വിനിയോഗിക്കും. അന്താരാഷ്‌ട്ര ഐടി മേളകളിൽ കേരള ഐടിയുടെ പ്രാധാന്യം അറിയിക്കുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങൾക്കും ഇത് സഹായകരമാകും. അഞ്ചു വർഷത്തിനകം അമ്പതിനായിരത്തോളം തൊഴിൽ അവസരങ്ങൾ നൽകാൻ തയ്യാറെടുക്കുന്ന ഇൻഫോപാർക്കിനും സ്‌മാർട്ട് സിറ്റിക്കും മുന്നോട്ടു കുതിക്കാനുള്ള ഇന്ധനമായും ഇത് മാറും.
നാലുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66-ന് സമാന്തരമായി പ്രഖ്യാപിച്ച നാല് ഐടി ഇടനാഴികളിൽ രണ്ടെണ്ണമാണ് ജില്ലയ്‌ക്ക് ലഭിച്ചത്. നിലവിലുള്ള ഐടി കേന്ദ്രങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നരീതിയിലാണ് ഇവ. എറണാകുളത്തുനിന്ന് കൊരട്ടിയിലേക്കും ചേർത്തലയിലേക്കുമാണ് നിർദിഷ്ട ഇടനാഴികൾ. എറണാകുളത്തുനിന്ന് ആരംഭിച്ച് ദേശീയപാത 66ൽ സുഗമമായി എത്തിച്ചേരാവുന്ന നിർദിഷ്ട ഇടനാഴികളിൽ ഉൾപ്പെടുന്ന സ്ഥലങ്ങളിൽ സാറ്റലൈറ്റ് ഐടി പാർക്കുകൾ സ്ഥാപിക്കും. അതിവേഗ ഇന്റർനെറ്റ് നൽകുന്ന 5ജി സാങ്കേതികവിദ്യയുടെ വികസനവും ഇവിടെ ലക്ഷ്യമിടുന്നുണ്ട്.
അസാപ് സ്‌കിൽ പാർക്കിൽ ഉൾപ്പെടെ ഓഗ്‌മെന്റഡ് റിയാലിറ്റി/വെർച്വൽ റിയാലിറ്റി ലാബുകൾ സ്ഥാപിക്കാൻ 35 കോടി രൂപ ബജറ്റിൽ നീക്കിവച്ചു. മികച്ച വീഡിയോ ഗെയിം ഡെവലപ്പർമാരെ സൃഷ്‌ടിക്കാനുള്ള അത്യന്താധുനിക സൗകര്യം ഇവിടെയും ലഭ്യമാക്കും.നിലവിൽ അത്യന്താധുനിക കംപ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ), വെർച്വൽ റിയാലിറ്റി (വിആർ) ഗ്ലാസുകളും ഒരുക്കിയിട്ടുണ്ട്.