തിരുവനന്തപുരം : ഗുരുതര ചട്ടലംഘനവും അച്ചടക്കലംഘനവും ആരോപിച്ച് ആറ് ജീവനക്കാരെ വിവിധ സംഭവങ്ങളിൽകെഎസ്ആർടിസി സസ്പെൻഡ് ചെയ്തു. ചടയമംഗലം ഡിപ്പോയിലെഡ്രൈവർ ആർബിനു, മൂലമറ്റം യൂണിറ്റിലെ കണ്ടക്ടർ ബിജു അഗസ്റ്റിൻ , പാറശാല ഡിപ്പോയിലെ ബ്ലാക്ക് സ്മിത്ത് ഷാനു, എറണാകുളം ഡിപ്പോയിലെ സൂപ്പർവൈസർഎ എസ് ബിജുകുമാർ, നെയ്യാറ്റികൻകര ജനറൽ ഇൻസ്പെക്ടർ ടി ഐ സതീഷ്കുമാർ, പി ജെ പ്രദീപ് എന്നിവർക്കെതിരെയാണ് നടപടി.
ഫെബ്രുവരി 28 ന് അപകടകരമായ വിധം ഡ്രൈവ് ചെയ്ത് രണ്ട് കോളേജ് വിദ്യാർഥികളുടെ ജീവൻ കവർന്ന സംഭവത്തിലാണ് ഡ്രൈവർ ആർ ബിനുവിനെ സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരിൽ നല്ല മനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനായി ജീവനക്കാർക്കായി നടത്തിയ ബിഹേവിയറൽ ചെയ്ഞ്ച് ട്രെയിനിങ്ങിൽ മദ്യപിച്ച് എത്തിയതിനാണ് കണ്ടക്ടർ ബിജു അഗസ്റ്റ്യന് നടപടി.
ഫെബ്രുവരി 26 ന് ഐ ആർ ഷാനു ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഒരുങ്ങവെ ബാഗിൽ നിന്നും 200 ഗ്രാം ബ്രാസ് സ്ക്രാപ്പ് റിവേറ്റ് കടത്തിക്കൊണ്ട് പോകാൻ ശ്രമിച്ചത് ഡ്യൂട്ടി ഗാർഡ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് ഷാനുവിനെ സസ്പെൻഡ് ചെയ്തത്. ഫെബ്രുവരി 19 ന് ആലുവ ശിവരാത്രി ദിവസം എറണാകുളം ഡിപ്പോയിൽ വെഹിക്കിൾ സൂപ്പർവൈസർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എഎസ് ബിജുകുമാർ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയതായി രാത്രി കാല ഡിപ്പോ പരിശോധന നടത്തിയ ഇൻസ്പെക്ടർമാർ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലാണ് നടപടി.
നെയ്യാറ്റിൻകര ഡിപ്പോയിലെ കണ്ടക്ടറുടെ ചികിത്സയ്ക്കായി പിരിച്ചെടുത്ത 1.39 ലക്ഷം രൂപ അയാളുടെ അക്കൗണ്ടിൽ ഇട്ട് കൊടുത്ത ശേഷം തിരികെ വാങ്ങുകയും ആ തുകയിൽ തിരിമറി നടത്താൻ ശ്രമിക്കുകയും ചെയ്ത നെയ്യാറ്റിൻകര ഡിപ്പോയിലെ ജനറൽ ഇൻസ്പെക്ടർ ടി ഐ സതീഷ്കുമാറിന് എതിരെയും നടപടിയെടുത്തത്. ലഗേജിന് ചാർജ് ഈടാക്കി ടിക്കറ്റ് കൊടുക്കാതിരുന്ന സംഭവത്തിലാണ് ജൻറം ബസിലെ കണ്ടക്ടർ പ്രദീപിനെ സസ്പെൻഡ് ചെയ്തത്.