പന്തളം : പന്തളം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര കെട്ടുകാഴ്‌ചയോടനുബന്ധിച്ച് ആർഎസ്എസ് നിർദേശിച്ച വസ്‌ത്രം ധരിക്കാത്തതിന് യുവാവിനെ മർദിച്ചു. ശൂലത്തിന്റെ ചിത്രമുള്ള വസ്‌ത്രം ധരിക്കാത്തതിന് മുളമ്പുഴ ചോതിയിൽ അഭിജിത്ത് ജയനാണ് മർദനമേറ്റത്. ഡിവൈഎഫ്‌ഐ പ്രവർത്തകനായ അഭിജിത്തിനെ പന്തളം എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച നടന്ന കെട്ടുകാഴ്‌ചയ്‌ക്കായി മുളമ്പുഴ കരക്കാർ പണികഴിപ്പിച്ച കുതിരയുടെ ചുവട്ടില്‍ വച്ചായിരുന്നു മർദനം.
കെട്ടുകാഴ്ചയോടനുബന്ധിച്ച് ചില കരകളിലെ കെട്ടുരുപ്പടി എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ആർഎസ്എസ് യൂണിഫോം നിശ്‌ചയിച്ചിരുന്നു. ഇത് ധരിക്കാത്തവരെ കെട്ടുരുപ്പടി വലിക്കാനോ ചെണ്ടമേളത്തിന് താളംപിടിക്കാൻ പോലും അനുവദിച്ചില്ല. ഇത് ചോദ്യം ചെയ്‌ത് യൂണിഫോമിടാതെ ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്‌തതിനാണ് അഭിജിത്തിനെ ആർ എസ് എസുകാരായ മുളമ്പുഴ തൊടുകയിൽ (മനോജ് ഭവൻ) മഹേഷ്, മനോജ്, കുറുന്തോടത്തിൽ അനി, അനിയുടെ ബന്ധുവും കുരമ്പാലയിൽ സ്ഥിരതാമസക്കാരനുമായ ബിനു എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചത്. അഭിജിത്ത് പന്തളം പൊലീസിൽ പരാതി നൽകി.