കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ അനധികൃത കച്ചവടങ്ങൾക്കും നിർമാണങ്ങൾക്കുമെതിരെ കർശന നടപടിയെടുക്കാനൊരുങ്ങി കോർപറേഷൻ കൗൺസിൽ. ഈ മേഖലകളിൽ മയക്കുമരുന്ന് ഉപയോഗമുൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കെതിരെയും ഇടപെടൽ നടത്തും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ഒറ്റക്കെട്ടായ ഇടപെടലിലൂടെ ഈ ഉദ്യമം നടപ്പാക്കുമെന്ന് മേയർ ഡോ. ബീനാ ഫിലിപ്പ് പറഞ്ഞു.
സൗത്ത് ബീച്ച്, കോതി മേഖലകളിലാകെ അനിയന്ത്രിതമായി കച്ചവടം വ്യാപകമാകുന്നതായി ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് പറഞ്ഞു. പല ഹോട്ടലുകൾക്കെതിരെയും പരാതികളും ഉയരുന്നുണ്ട്. ഒരു തരത്തിലുള്ള വിട്ടുവീഴ്‌ചയുമില്ലാതെ ഈ പ്രദേശത്തെയാകെ മാറ്റുന്നതിനായി ഒന്നിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.വിഷയം ചർച്ച നടത്തി നടപടി കൈക്കൊള്ളും. നഗരത്തിലെ വിവിധ സ്ഥാപനങ്ങൾ പരിശോധിക്കാനും അനധികൃതമായി പ്രവർത്തിക്കുന്നവ കണ്ടെത്താനുമുള്ള ആരോഗ്യ സമിതിയുടെ നടപടികൾ ഉടൻ കൈക്കൊള്ളുന്നുണ്ട്. ഇത് സംബന്ധിച്ച അജൻഡ കൗൺസിൽ അംഗീകരിച്ചിട്ടുണ്ട്.