പാലക്കാട് : പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. തച്ചനാട്ടുകര പഞ്ചായത്തിലെ 7, 8, 9, 11 വാർഡുകളിലും കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളിലും നിലവിലുണ്ടായിരുന്ന കണ്ടെയിൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരിക്കുന്നു. നിലവിൽ ക്വാറന്റൈനിൽ കഴിയുന്ന വ്യക്തികൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ക്വാറന്റീനിൽ തുടരേണ്ടതാണ്. നിയന്ത്രണങ്ങൾ നീങ്ങിയെങ്കിലും ജാഗ്രത തുടരണമെന്നും ജില്ലാ കലക്ടർ ഫെയ്സ്ബുക്ക് കുറിപ്പിൽ നിർദേശിച്ചു. നിപ രോഗം സ്ഥിരീകരിച്ച 38 കാരിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ജില്ലയിൽ നിലവിൽ ഒരു രോഗിക്ക് മാത്രമാണ് നിപ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ കഴിയുന്ന അഞ്ചു പേരുടെ പുനർ സാംപിൾ പരിശോധന ഫലം നെഗറ്റീവ് ആയിട്ടുണ്ട്.