ന്യൂഡൽഹി : സംസ്ഥാനങ്ങൾക്കു നൽകുന്ന കേന്ദ്ര നികുതിവിഹിതത്തിൽ കുറവുണ്ടാകില്ലെന്നും കഴിഞ്ഞ വർഷത്തേക്കാൾ അധികമാണ് ഇത്തവണ ലഭിക്കുകയെന്നും ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ കുതിപ്പു തുടരും. ലോക്സഭയിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി നൽകുകയായിരുന്നു ധനമന്ത്രി.
സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതത്തിന്റെ ബജറ്റ് എസ്റ്റിമേറ്റ് 17.98 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1.55 ലക്ഷം കോടി രൂപ അധികമാണ് ഇത്. മൂലധനച്ചെലവ് 10 ലക്ഷം കോടിയായതിനാൽ സംസ്ഥാനങ്ങൾക്കും ഗുണകരമാവും. അതിനു പുറമേ പലിശയില്ലാത്ത 50 വർഷത്തെ വായ്പയും വർധിപ്പിച്ചിട്ടുണ്ട്. സെസ്സുകളിൽ നിന്നുള്ള വരുമാനവും ഇരട്ടിയായി നൽകുമെന്നും അവർ പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിക്ക് തുക കുറച്ചുവെന്ന ആരോപണം തെറ്റാണ്. തൊഴിലുറപ്പു പദ്ധതിയുടെ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെടുന്ന പിഎം ആവാസ് യോജന, ജലജീവൻ മിഷൻ തുടങ്ങിയവയ്ക്കൊക്കെ ഉയർന്ന വിഹിതമുണ്ട്. അതിനാൽ തൊഴിലുറപ്പു പദ്ധതിയിൽ കുറയുന്നില്ലെന്നും അവർ പറഞ്ഞു.
അദാനിയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചും മിണ്ടുന്നില്ലെന്ന് നിർമലയുടെ പ്രസംഗത്തിനിടയിൽ പ്രതിപക്ഷാംഗങ്ങൾ വിളിച്ചു പറഞ്ഞു. ന്യൂനപക്ഷങ്ങളെ അവഗണിച്ചുവെന്ന കോൺഗ്രസ് ആരോപണത്തിനു മറുപടി പറയവെ, ഡൽഹിയിൽ സിഖ് കൂട്ടക്കൊല നടത്തിയവർ ഇതേപ്പറ്റി പറയുന്നത് പരിഹാസ്യമാണെന്ന് മന്ത്രി പറഞ്ഞതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.