തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയില്ല. ശമ്പളം നൽകാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്. അതിനിടെ സർക്കാറിനെ പ്രതിരോധത്തിലാക്കി കെ.എസ്.ആർ.ടി.സിയിലെ ഇടത് യൂനിയനുകൾ കൂടി പ്രത്യക്ഷസമരത്തിനിറങ്ങി. കൂടാതെ വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാപണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്.
മാനേജ്മെന്‍റിനെയും സി.എം.ഡിയെയും പിരിച്ചുവിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സി.ഐ.ടി.യു ആവശ്യപ്പെട്ടു. ജോലിചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂനിയനുകൾക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷസമരത്തിനിറങ്ങിയത്. എല്ലാ യൂനിറ്റുകളിലും അനിശ്ചിതകാല റിലേ നിരാഹാര സമരം തുടങ്ങിയ സി.ഐ.ടി.യു അംഗീകൃത സംഘടന സ്വരം കടുപ്പിച്ചിരിക്കുകയാണ്.
കെ.എസ്.ആർ.ടി.സിയെ ഈ ഗതിയിൽ എത്തിച്ചവരെ കണ്ടെത്തി കൈയാമം വെക്കണമെന്ന് എ.ഐ.ടി.യു.സി.യും ആവശ്യപ്പെട്ടു. ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെ.എസ്.ആർ.ടി.സി പറയുന്നത്. കഴിഞ്ഞമാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടിരൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്.
20 ന് മാത്രമേ വീണ്ടും ഓവർഡ്രാഫ്റ്റ് എടുക്കാൻ കഴിയൂ എന്ന് അധികൃതർ പറയുന്നു. നേരത്തേ 50 കോടി രൂപയാണ് ധനവകുപ്പ് നൽകിയിരുന്നതെങ്കിലും കഴിഞ്ഞമാസം മുതൽ 30 കോടി രൂപയാണ് നൽകുന്നത്. ദിവസേനയുള്ള വരുമാനത്തിൽ 5.5 കോടി രൂപ വർധനയുണ്ടായെങ്കിലും ഇന്ധനവില കൂടിയതോടെയാണ് ശമ്പളം നൽകാൻ കഴിയാത്ത അവസ്ഥ ഉണ്ടായത്. അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം വിതരണം ചെയ്യാമെന്ന് സമരങ്ങളുടെ ഭാഗമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയിൽ മാനേജ്മെന്‍റ് ഉറപ്പ് നൽകിയതാണ്. അത് നിരന്തരം ലംഘിക്കുകയാണെന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.