കൊല്ലം : കൈക്കൂലി വാങ്ങാൻ അനുവദിക്കാത്ത മേലുദ്യോഗസ്ഥനെ കുടുക്കാൻ സ്ത്രീയുടെ പേരിൽ വ്യാജപരാതി അയച്ച 3 എക്സൈസ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. ആര്യങ്കാവ് എക്സൈസ് ചെക്പോസ്റ്റിലെ സർക്കിൾ ഇൻസ്പെക്ടർ വി.അനിലാലിനെ കുടുക്കാൻ ശ്രമിച്ചതിനു പ്രിവന്റീവ് ഓഫിസർമാരായ എസ്.നിഷാദ്, എ. സലിം, സിവിൽ എക്സൈസ് ഓഫിസർ മുഹമ്മദ് ഷെഹിൻ എന്നിവർക്കെതിരെയാണു നടപടി. മഫ്തിയിൽ വാഹനപരിശോധന നടത്തിയ സർക്കിൾ ഇൻസ്പെക്ടർ സ്ത്രീയോടു മോശമായി പെരുമാറിയെന്ന പരാതി കഴിഞ്ഞ ഡിസംബറിലാണു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ ലഭിച്ചത്. കടയ്ക്കൽ സ്വദേശിനിയുടേതെന്ന പേരിലുള്ള കത്തിനൊപ്പം സിഐ വാഹനപരിശോധന നടത്തുന്ന ചിത്രവും ഉണ്ടായിരുന്നു. അന്വേഷണത്തിൽ ഇങ്ങനെയൊരു സ്ത്രീ ഇല്ലെന്നും പരാതി വ്യാജമാണെന്നും എക്സൈസ് വിജിലൻസ് കണ്ടെത്തി.
സർക്കിൾ ഇൻസ്പെക്ടർ കൃത്യമായി ജോലി ചെയ്യുകയും സഹപ്രവർത്തകരെ കൈക്കൂലി വാങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തത് ഒരു വിഭാഗം ഉദ്യോഗസ്ഥർക്കിടയിൽ വിദ്വേഷമുണ്ടാക്കിയെന്നും അതിന്റെ തുടർച്ചയാണു പരാതിയെന്നും കണ്ടെത്തിയതോടെയാണ് അന്വേഷണവിധേയമായി മൂന്നുപേരെയും സസ്പെൻഡ് ചെയ്തത്. സിഐയുടെ ചിത്രം എക്സൈസ് ഓഫിസിനു സമീപത്തുനിന്നു പകർത്തിയശേഷം തെങ്കാശിയിൽപ്പോയി പ്രിന്റ് എടുക്കുകയും വ്യാജപ്പേരിൽ പരാതി അയയ്ക്കുകയുമായിരുന്നു. കൈക്കൂലി വാങ്ങിയതിന് ഉൾപ്പെടെ മുൻപു രണ്ടു തവണ എ.സലിം സസ്പെൻഷൻ നടപടി നേരിട്ടിട്ടുണ്ട്. എസ്.നിഷാദിനെതിരെ മുൻപ് അച്ചടക്ക നടപടി ഉണ്ടായിട്ടുണ്ടെന്നും വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.