ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, മിസോറം, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണു കേന്ദ്രസംഘത്തെ അയയ്ക്കുന്നത്. രാജ്യത്താകെ 415 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. സംസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ തുടരുന്ന സംഘങ്ങള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പരിശോധന, നിരീക്ഷണം തുടങ്ങി കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് വാക്സിനേഷന് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും.
ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതയും സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബും ഉത്തര്‍പ്രദേശും പട്ടികയിലുണ്ട്. യുപി ഉള്‍പ്പെടെ അടുത്ത ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി കൂടിക്കാഴ്ച നടത്തും. കമ്മിഷന് ഡിസംബര്‍ 28 മുതല്‍ 30 വരെ യുപി സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി കൂടിക്കാഴ്ച നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
യുപി തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ചര്‍ച്ചകള്‍ക്കു ശേഷം അന്തിമതീരുമാനം എടുക്കുമെന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര പറഞ്ഞു. തിരഞ്ഞെടുപ്പ് റാലികള്‍ നിരോധിക്കണമെന്നും കോടതി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു.