തിരുവനന്തപുരം∙ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം ഉയർത്തിയ തീരുമാനം മരവിപ്പിച്ച സർക്കാർ നടപടി പ്രതിപക്ഷത്തിന്റെ വിജയമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തീരുമാനം മരവിപ്പിക്കുകയല്ല, പൂർണമായും പിൻവലിക്കണം. കേരളത്തിലെ സാമൂഹിക അന്തരീക്ഷമോ തൊഴിൽ മേഖലയിലെ അനിശ്ചിതാവസ്ഥയോ പരിഗണിക്കാതെ എടുത്ത തെറ്റായ തീരുമാനമായിരുന്നു. തൊഴിൽ എവിടെയെന്നു ചോദിച്ച് കേരളത്തിലെ ചെറുപ്പക്കാർ സമരം ചെയ്യുമ്പോൾ ഡിവൈഎഫ്ഐ നേതാവ് റഹീം തൊഴിൽ എവിടെയെന്നു ചോദിച്ച് ഡൽഹിയിൽ സമരത്തിനു പോകുകയാണ്. തൊഴിൽ എവിടെയെന്നു മുഖ്യമന്ത്രിയോടു ചോദിച്ച ശേഷം ഡൽഹിയിൽ പോയി ചോദിക്കുന്നതാകും ഉചിതം.
വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സിപിഎമ്മും ബിജെപിയും സംയുക്തമായി അദാനിക്കു വേണ്ടി വിചിത്ര കൂട്ടായ്മ ഉണ്ടാക്കി. അദാനിയെ സംരക്ഷിക്കുന്നതിനും അദാനി പറയുന്ന കാര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയാണ് ഈ കൂട്ടായ്മ. സമരത്തെ വർഗീയവൽക്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബംഗാളിൽ ബിജെപിയുമായി സിപിഎം ഉണ്ടാക്കിയിരിക്കുന്ന സഖ്യത്തിന്റെ ഭാഗമായാണോ ഇതെന്ന് അറിയില്ല. സംസ്ഥാനത്തെ അനിയന്ത്രിതമായ വിലക്കയറ്റം പരിഹരിക്കാൻ സർക്കാർ ഇതുവരെ ഒരു ഇടപെടലും നടത്തിയില്ല. ആന്ധ്രയിൽ നിന്ന് അരി വരുമെന്നാണ് മൂന്നാഴ്ചയായി പറഞ്ഞുകൊണ്ടിരുന്നത്. കൃത്രിമ വിലക്കയറ്റം ഉണ്ടായിട്ടു പോലും വിപണി ഇടപെടൽ ഇല്ല.