പാലക്കാട് : പാലക്കാട് മേപ്പറമ്പ് സർക്കാർ സ്കൂളിനോടുള്ള സർക്കാർ അവഗണയിൽ പ്രതിഷേധവുമായി രക്ഷിതാക്കളും പൂർവ വിദ്യാർഥികളും.മേപ്പറമ്പ് ജംഗ്ഷനിൽ ഇവർ അനിശ്ചിതകാല സമരം തുടങ്ങി.കെട്ടിടം പൊളിഞ്ഞു വീഴാറായതിനാൽ, ഉള്ള സ്ഥലത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോൾ അധ്യയനം ക്രമീകരിച്ചിരിക്കുന്നത്.
640 വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ.പൊട്ടിപ്പൊളിഞ്ഞ് അപകടം പതിയിരിക്കുന്ന ക്ലാസ് മുറികൾ. സിമന്‍റ് പാളികൾ ഏതു നിമിഷവും അടർന്ന് വീഴാം.വിദ്യാർഥികളെ ഇവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ല. ക്ലാസുകൾ ഫിഷ്റ്റ് അടിസ്ഥാനത്തിലാക്കി.രാവിലെ ഒന്നുമുതൽ നാലുവരെയുള്ള വിദ്യാർത്ഥികൾ. ഉച്ചകഴിഞ്ഞ് അഞ്ചുമുതൽ ഏഴുവരെ ക്ലാസുകൾ.
പുതിയ കെട്ടിടം പണിയാൻ കിഫ്ബിയിൽ നിന്ന് ഒരുകോടി അനുവദിച്ചിട്ടുണ്ട്. പക്ഷേ, ഒന്നും നടക്കുന്നില്ല. ഒരോ ഓഫിസും കയറി ഇറങ്ങി. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ എല്ലാം കണ്ടു. രക്ഷയില്ലെന്ന് ബോധ്യപ്പെട്ടതോടെ വിദ്യാഭ്യാസ മന്ത്രിയേയും മുഖ്യമന്ത്രിയേയും നേരിൽ കണ്ടു. പക്ഷേ ഒന്നുമായില്ല.സ്കൂളിന്‍റെ ദുരവസ്ഥ പരിഹരിക്കണം എന്ന് കാട്ടി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതിയും നൽകിയെങ്കിലും ഇടപെടലുണ്ടായില്ല. ഇതോടെയാണ് മേപ്പറമ്പ് ജംക്ഷനിൽ അനിശ്ചിതകാല സമരം തുടങ്ങിയത്.