പാലക്കാട് : എലപ്പുള്ളി നോമ്പിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈർ കൊല്ലപ്പെട്ട കേസിൽ കൃത്യത്തിൽ പങ്കെടുത്തവർ ഉൾപ്പെടെ 4 പേർ പിടിയിലായതായി വിവരം. എലപ്പുള്ളി, പാറ, കൊഴിഞ്ഞാമ്പാറ സ്വദേശികളാണു കസ്റ്റഡിയിലുള്ളത്. പ്രതികളിൽ 2 പേരെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഇവരുടെ അറസ്റ്റ് ഉണ്ടായേക്കും.
ഒരു വർഷം മുൻപു കൂട്ടുപാതയിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിയ കേസിലെ പ്രതികളാണു പൊലീസ് കസ്റ്റഡിയിലുള്ള മറ്റു 2 പേർ. ഇവർ 2 മാസം മുൻപാണു ജാമ്യത്തിലിറങ്ങിയത്. ഇവരാണു വർക് ഷോപ്പിലായിരുന്ന കാർ നന്നാക്കി ഉപയോഗിച്ചതെന്നും പൊലീസ് കണ്ടെത്തി. പാറയിലുള്ള വർക്‌ഷോപ്പ് ഉടമയുടെ മൊഴിയും ലഭിച്ചിട്ടുണ്ട്. കാർ വാടകയ്ക്കു നൽകിയ ചുട്ടിപ്പാറ സ്വദേശി അലിയാരുടെ മൊഴിയിൽ പറയുന്ന ബിജെപി പ്രാദേശിക നേതാവിനു വേണ്ടി അന്വേഷണം ഊർജിതമാക്കി. സുബൈറിന്റെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയാണ് ഇയാളുടെ താമസം.
സുബൈറിന്റെ വധത്തിനു പിന്നാലെ 16നു മേലാമുറിയിൽ വച്ച് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ എ.ശ്രീനിവാസന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിലാപയാത്രയായി വീട്ടിലെത്തിച്ചു സംസ്കാരം നടത്തി. 3 ഇരുചക്ര വാഹനങ്ങളിലായി എത്തിയ 6 അംഗ സംഘമാണു ശ്രീനിവാസനെ കടയ്ക്കുള്ളിലിട്ടു വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ എത്തിയ വാഹനത്തിന്റെ നമ്പർ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഒരു വാഹന ഉടമ സ്ത്രീയാണെങ്കിലും ഇവർക്കു കൊലപാതകവുമായി ബന്ധമില്ലെന്നാണു കണ്ടെത്തൽ. ഇവരുടെ വാഹനം ഒന്നിലേറെത്തവണ കൈമാറ്റം നടത്തിയതായും കണ്ടെത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവർ അന്ത്യോപചാരം അർപ്പിച്ചു.