പൊള്ളാച്ചി: പാലക്കാട്- പൊള്ളാച്ചി റൂട്ടിൽ ജനങ്ങൾക്ക് ഗുണകരമായ ട്രെയിനുകൾ സർവിസ് നടത്തണമെന്ന് അഞ്ച് പഞ്ചായത്ത് ഗ്രാമസഭകളിൽ തീരുമാനം. സുബേകൗണ്ടൻ പുതൂർ, താത്തൂർ, വാഴൈ കൊമ്പ്, നാഗൂർ, ആത്തുപൊള്ളാച്ചി എന്നീ പഞ്ചായത്തുകളിലെ ഗ്രാമസഭകളിലാണ് സാധാരണക്കാർക്കും ഗുണകരമാകുന്ന സമയങ്ങളിൽ പാസഞ്ചർ ട്രെയിനുകൾ സർവിസ് നടത്തണമെന്ന ആവശ്യമുയർന്നത്.
യാത്രക്കാർക്ക് ഗുണകരമായ സമയങ്ങളിൽ ട്രെയിൻ സർവിസ് നടത്തുക, പാലക്കാട്, കോയമ്പത്തൂർ, പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഗുണകരമാകുന്ന സമയങ്ങളിൽ ട്രെയിൻ സർവിസ് നടത്തുക, പാലക്കാട്- രാമേശ്വരം, പാലക്കാട്- കോയമ്പത്തൂർ റൂട്ടുകളിൽ ആനമല റോഡ് സ്റ്റേഷൻ വഴി പുതിയ സർവിസുകൾ ആരംഭിക്കുക, മീറ്റർഗേജ് ട്രെയിനുകൾ ഉണ്ടായ സമയങ്ങളിലെ നിർത്തിവെച്ച പാസഞ്ചറുകൾ പുനഃസ്ഥാപിച്ച് ആനമല റോഡ് സ്റ്റേഷൻ ഹാൾട്ടിങ് സ്റ്റേഷനായി മാറ്റുക, പാലക്കാട്- പൊള്ളാച്ചി- പഴനി, പാലക്കാട്- പൊള്ളാച്ചി- കോയമ്പത്തൂർ മെമു സർവിസുകൾ ആരംഭിക്കുക എന്നീ ആവശ്യങ്ങളാണ് ഗ്രാമസഭകളിൽ പ്രമേയമായി പാസാക്കിയത്.തീരുമാനങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി, പ്രധാനമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡി.ആർ.എം എന്നിവർക്ക് അയച്ചു നൽകിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.