ചെങ്ങന്നൂർ: ഐതിഹ്യത്തിന്‍റെ ഉറവതേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് ചെങ്ങന്നൂർ നഗരസഭ പ്രദേശത്തെ പാണ്ഡവൻപാറ. പട്ടണമധ്യത്തിൽനിന്ന് 1.5 കിലോ മീറ്റര്‍ അകലെ 23ാം വാർഡിൽ മലയിൽ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കൂറ്റൻ പാറക്കൂട്ടമാണ് ചരിത്രമുറങ്ങുന്ന പാണ്ഡവൻപാറ. പാണ്ഡവർ വനവാസക്കാലത്ത് താമസിച്ചതായി പറയപ്പെടുന്ന പാറക്കൂട്ടവും അതിനു മുകളിൽനിന്ന് നീലവിതാനിച്ചപോലെ കാണുന്ന പുറംലോകത്തിന്‍റെ പ്രകൃതി സൗന്ദര്യവും സഞ്ചാരികളെയും തീർഥാടകരെയും മാടിവിളിക്കുകയാണ്. എന്നാൽ ടൂറിസം-സാംസ്കാരിക വകുപ്പുകൾ ഈ മേഖലയെ അവഗണിക്കുകയാണ്. ഒന്നര ദശാബ്ദം മുമ്പ് ടൂറിസം ഡെവലപ്മെന്‍റ് കോർപറേഷൻ സഹായഹസ്തവുമായി എത്തിയിരുന്നു. അന്ന് നാട്ടുകാരിൽ ചിലർ പ്രതിഷേധമുയർത്തിയപ്പോൾ അവർ പിന്മാറി.
ഐതിഹ്യങ്ങൾ ചൂഴ്ന്നുനിൽക്കുന്ന ഭീമന്‍റെ കാൽപാദങ്ങൾ, മുറുക്കാൻ ചെല്ലം, സിംഹാസനം, താമര ആകൃതിയിലെ സ്തൂപങ്ങൾ, ആനയുടെ ആകൃതിയിലെ പാറ, രണ്ട് കിലോ മീറ്റര്‍ കിഴക്കുള്ള നൂറ്റ വൻപാറയിൽ നിന്ന് ഇങ്ങോട്ട് എറിഞ്ഞുവീഴ്ത്തിയതെന്ന് കരുതപ്പെടുന്ന കൂറ്റൻ പാറകൾ ഇവയെല്ലാം സഞ്ചാരികളുടെ മനം കവരുന്നവയാണ്. പടിപ്പുര എന്ന് പറയപ്പെടുന്ന പാണ്ഡവരുടെ വിശ്രമസങ്കേതമെന്ന് വിശ്വസിക്കപ്പെടുന്ന സ്തൂപം കുടയുടെ ആകൃതിയിലാണ്. പാറക്കെട്ടുകൾക്ക് മുകളിൽ ജലസ്രോതസ്സുമുണ്ട്. ഇതിനെ കന്യാകുമാരി എന്നാണ് നാട്ടുകാർ വിളിക്കുന്നത്. ഏതു കൊടും വരൾച്ചയിലും ഈ കുളം വറ്റില്ല. പടിപ്പുരയിൽനിന്ന് 100 മീറ്റർ വടക്കുകിഴക്കു മാറിയാണ് തീർഥക്കുളം. ചെങ്ങന്നൂരിലെ പാണ്ഡവർപാറയും സമീപപ്രദേശങ്ങളും ഉൾപ്പെട്ട അഞ്ചര ഹെക്ടർ സ്ഥലമാണ് മുമ്പ് ടൂറിസം വികസന കോർപറേഷൻ ടൂറിസം പദ്ധതിക്ക് വിഭാവനം ചെയ്തത്. കുട്ടികളുടെ പാർക്ക്, വിശ്രമസങ്കേതം എന്നിവക്കും പദ്ധതിയിട്ടെങ്കിലും തുടർ നടപടിയുണ്ടായില്ല.